ബിഹാറി പയ്യന് പാരിസ് സ്വദേശിനി വധു. ഇന്ത്യ കാണാൻ സഞ്ചാരിയായി എത്തിയ മേരി ലോരി ഹെറാൾ ആണ് ബിഹാർ സ്വദേശിയും ടൂറിസ്റ്റ് ഗൈഡുമായ രാകേഷിനെ വിവാഹം കഴിക്കുന്നത്.

സിനിമാ കഥയോളം രസകരമാണ് ഇരുവരുടേയും പ്രണയകഥ. ആറ് വർഷം മുൻപാണ് മേരി ഡൽഹിയിലെത്തുന്നത്. അന്ന് ടൂറിസ്റ്റ് ഗൈഡായി മേരിക്കൊപ്പം ഉണ്ടായിരുന്നത് രാകേഷായിരുന്നു. പതിയെ ഇരുവരും നല്ല സുഹൃത്തുക്കളായി.

പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. രണ്ട് രാജ്യത്ത് നിന്ന് രണ്ട് സമയങ്ങളിലിരുന്ന് മൂന്ന് വർഷത്തോളം ഇരുവരും പ്രണയിച്ചു. മേരിയുടെ അഭ്യർത്ഥന മാനിച്ച് പാരിസിലെത്തി രാകേഷ് മേരിക്കൊപ്പം ചേർന്ന് ടെക്‌സ്റ്റൈൽ ബിസിനസ് ആരംഭിച്ചു. പ്രണയത്തിനൊപ്പം ബിസിനസും വളർന്നു. ഒടുവിൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യൻ സംസ്‌കാരവും രീതികളും കണ്ട് ഇഷ്ടപ്പെട്ട മേരി ഇന്ത്യൻ രീതിയിൽ തന്നെ വിവാഹം മതിയെന്ന് രാകേഷിനെ അറിയിച്ചു. അങ്ങനെ രാകേഷിന്റെ ജന്മദേശമായ ബിഹാറിലെ ബെഗുസരായിലേക്ക് മേരി കുടുംബത്തോടൊപ്പം എത്തി.

ഹിന്ദുമത വിശ്വാസ പ്രകാരം വിവാഹിതരായി ഇരുവരും. ഭോജ്പൂരി പാട്ടുകൾക്കൊപ്പം വരനും വധും മേരിയുടെ മാതാപിതാക്കളുൾപ്പെടെ ചുവടുവച്ചു. ദമ്പതികൾ ഒരാഴ്ച ഇന്ത്യയിൽ തുടർന്ന ശേഷം പാരിസിലേക്ക് മടങ്ങും.