ഇത്തിഹാദ് റെയിലിന്റെ ഭാഗമായുള്ള 9 തുരങ്കങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് തുരങ്കങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. 600 പേര്‍ 10 ലക്ഷം മണിക്കൂര്‍ ജോലി ചെയ്താണ് മലകള്‍ തുറന്നുള്ള റെയില്‍പാത സജ്ജമാക്കിയത്. 6.9 കി.മീ നീളത്തില്‍ പാത ഒരുക്കിയത്.

നൂതന ടണലിങ് മെഷിനറികളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും സഹായത്തോടെയാണ് തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിവിധ ഘട്ടങ്ങളിലായി നിര്‍മ്മാണം പുരോഗമിക്കുന്ന റെയില്‍ ട്രാക്കുകള്‍ ബന്ധിപ്പിക്കുന്നതോടെ 1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്തിഹാദ് റെയില്‍ നിര്‍മാണം പൂര്‍ത്തിയാകും. ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ശല്യമാകാതെയായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

ഫുജൈറയില്‍ നിന്ന് യുഎഇസൗദി അതിര്‍ത്തിയായ ഗുവൈഫാത് വരെ നീളുന്ന ഇത്തിഹാദ് റെയില്‍ അല്‍റുവൈസ്, ഐകാഡ്, ഖലീഫ പോര്‍ട്ട്, ദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, ജബല്‍ അലി പോര്‍ട്ട്, അല്‍ഗെയ്ല്‍, സിജി, ഫുജൈറ പോര്‍ട്ട്, ഖോര്‍ഫക്കാന്‍ പോര്‍ട്ട് തുടങ്ങി വിവിധ എമിറേറ്റുകളിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും.