ഞാനും എന്റെ ഭർത്താവും മിക്ക ദിവസവും പട്ടിണിയിലാണ്. അത് സഹിക്കാം. എന്നാൽ മക്കളുടെ കാര്യമോർത്താണ് ഞങ്ങളുടെ ആധി. വിശന്നിട്ട് അവർ കിടന്ന് കരയുകയാണ് ഇത് വളരെ സങ്കടമുള്ള കാര്യമാണ്. അഫ്ഗാൻ സ്വദേശിനിയും 35കാരിയുമായ സർഘുനയുടേതാണ് ഈ വാക്കുകൾ. താലിബാൻ അധികാരത്തിൽ വന്നതോടെ ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് കുടുംബങ്ങളിൽ ഒന്നാണ് ഇവരുടേത്. രണ്ട് മക്കളാണ് സർഘുനക്കുള്ളത്. ജീവിതം ഒരു രീതിയിലും മുന്നോട്ട് കൊണ്ടു പോകാനാകാതെ വഴിമുട്ടിയ അവസ്ഥയിലാണ് ഈ കുടുംബം. ഇത് സർഘുനയുടെ മാത്രം പ്രശ്‌നമല്ല. ഓഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഇന്ന് ഇതേ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഫ്ഗാനിൽ താലിബാൻ 100 ദിനം പൂർത്തിയാക്കിയ വേളയിലാണ് ഈ വാർത്തകൾ പുറത്ത് വരുന്നത്.

ജീവിക്കാനായി ജോലിയോ മറ്റ് വരുമാനമാർഗ്ഗങ്ങളോ ഇല്ല, ഭക്ഷണവും ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ഇവർ പരാതി പറയുന്നു. ‘ ഞങ്ങൾ ദിവസത്തിൽ ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ചിലപ്പോൾ അതും ഉണ്ടാകില്ല. ഒന്നും കഴിക്കാതെ ഉറങ്ങാൻ പോകും. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ചായ മാത്രം കുടിക്കും. ചില ദിവസങ്ങളിൽ ബ്രഡോ, ചോറോ ലഭിക്കും. എന്നാൽ പഴങ്ങളോ മാംസമോ ഒന്നും കിട്ടാറില്ല. മുൻപ് കഴിച്ചിരുന്നതിലും വളരെ ചെറിയ ഒരു അളവിൽ മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്നും’ സർഘുന പറയുന്നു. ശരിയായ അളവിൽ ഭക്ഷണം ലഭിക്കാത്തതിനാലും, പോഷകാഹാരം ലഭിക്കാത്തതിനാലും സർഘുനയുടെ എട്ട് വയസ്സുകാരൻ മകന്റെ ശരീരത്തിൽ അതിന്റെ പ്രശ്‌നങ്ങൾ തുടങ്ങി കഴിഞ്ഞു.

ചിലപ്പോൾ ഭക്ഷണം ഉണ്ടാക്കാൻ ഗോതമ്പ്‌പൊടിയോ മറ്റ് ധാന്യപ്പൊടികളോ കുറച്ച് കിട്ടുമെങ്കിലും, ചപ്പാത്തിയോ ബ്രഡോ ഉണ്ടാക്കാൻ ആവശ്യത്തിന് പൊടിയോ എണ്ണയോ ഇല്ലാത്തതിനാൽ പച്ചപ്പൊടി കഴിക്കാറുണ്ടെന്നും സർഘുന പറയുന്നു. ‘ ഇപ്പോഴത്തെ ഞങ്ങളുടെ സാഹചര്യം വളരെ മോശമാണ്. കഴിഞ്ഞ ദിവസം കുറച്ച് ധാന്യപ്പൊടി കിട്ടി. എന്നാൽ അത് അധികമുണ്ടായിരുന്നില്ല. അതുകൊണ്ടു പലഹാരമുണ്ടാക്കാൻ എണ്ണയോ ഒന്നും ഞങ്ങളുടെ കൈവശമില്ല. അതുകൊണ്ട് ആ പൊടി അങ്ങനെ തന്നെ പച്ചക്ക് കഴിച്ചു. എല്ലാത്തിനും വലിയ വിലയാണ്. പൊടിയോ എണ്ണയോ വാങ്ങാമെന്നു വച്ചാൽ അവയുടെ ഒന്നും വില താങ്ങാനാകില്ലെന്നും’ ഇവർ പറയുന്നു.

അഫ്ഗാനിൽ താലിബാൻ അധികാരമേറ്റെടുത്തതിന് പിന്നാലെ സ്ഥിതിഗതികൾ അതീവഗുരുതരമാകുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു. കുഞ്ഞുങ്ങൾ അടക്കമുള്ള ലക്ഷക്കണക്കിന് അഫ്ഗാൻകാർ പട്ടിണിയും ദാരിദ്ര്യവും മൂലം മരിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാനിലെ നാല് കോടിയോളം ജനങ്ങളിൽ രണ്ടരക്കോടിയോളം പേർ ഭക്ഷണത്തിന് കടുത്ത ദാരിദ്ര്യം അനുഭവിക്കുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമും മുന്നറിയിപ്പ് നൽകിയിരുന്നു. താലിബാൻ അധികാരത്തിൽ വന്ന് രണ്ട് മാസത്തിനുള്ളിൽ തന്നെ 15 കോടിയോളം ജനങ്ങൾ ദുരിതത്തിന്റെ തീവ്രത അനുഭവിച്ചുവെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിന് പുറമെ രാജ്യത്തെ ജനങ്ങൾ മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.