പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസില്‍ രണ്ടാമത്തെ അറസ്റ്റാണിത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ പിടിയിലായ പ്രതികളുടെ പേരുകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളാണ് ഇതുവരെ പിടിയിലായ രണ്ടുപേരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്വേഷണം വ്യാപിപ്പിച്ചെന്നും പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തില്‍ 34 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.

20ഓളം പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.