കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച് ശ്രീലങ്ക, തെക്കൻ തമിഴ്‌നാട് തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഇതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ എവിടെയും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ വ്യാഴാഴ്ച വീണ്ടും മഴ ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയാനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.