ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആളിയാർ അണക്കെട്ട് വീണ്ടും തുറന്നു. ഡാമിന്റെ അഞ്ച് സ്പിൽവേ ഷട്ടറുകൾ 12 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഇതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ തീരപ്രദേശത്ത് വസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

സെക്കന്റിൽ 1,423 അടി ജലമാണ് ഡാമിൽ നിന്നും ഒഴുക്കി വിടുന്നത്. ഏതാനും മണിക്കൂറുകൾക്കകം പുഴകളിൽ അണക്കെട്ടിൽ നിന്നുള്ള ജലമെത്തും. എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പും നൽകാതെ ആളിയാർ അണക്കെട്ട് തമിഴ്‌നാട് തുറന്ന് വിട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ജനങ്ങൾ പരിഭ്രാന്തരാകുകയും ചെയ്തിരുന്നു.