അടുത്തിടെ വിവാദ വിഡിയോയിലൂടെ വാർത്തകളിൽ ഇടം പിടിച്ച സ്റ്റാൻഡപ്പ് കൊമേഡിയൻ വീർ ദാസിന് എമ്മി പുരസ്കാര നാമനിർദ്ദേശം. വീർ ദാസിൻ്റെ നെറ്റ്ഫ്ലിക്സ് ഷോ ‘വീർ ദാസ്; ഫോർ ഇന്ത്യ’ എന്ന ഷോയ്ക്കാണ് മികച്ച കോമഡി ഷോ വിഭാഗത്തിൽ നാമനിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഫ്രഞ്ച് ഷോ ആയ ‘കോൾ മൈ ഏജൻ്റ്’, ബ്രിട്ടീഷ് ഷോ മതർലാൻഡ്: ക്രിസ്തുമസ് സ്പെഷ്യൽ’, കൊളംബിയൻ ഷോ ‘പ്രൊമെസാസ് ഡെ കംപാന’ എന്നിവകൾക്കൊപ്പമാണ് വീർ ദാസിനും നാമനിർദ്ദേശം ലഭിച്ചത്.

സുഷ്മിത സെൻ നായികയായ ‘ആര്യ’ മികച്ച ഡ്രാമ സീരീസ് വിഭാഗത്തിൽ നാമർനിർദ്ദേശം ചെയ്യപ്പെട്ടു. ഡിസ്നി ഹോട്ട്സ്റ്റാർ പരമ്പരയായ ആര്യ രാം മാധ്‌വാനിയാണ് സംവിധാനം ചെയ്തത്. ചിലിയൻ സീരീസായ ‘എൽ പ്രസിഡൻ്റെ’, ഇസ്രയേലി പരമ്പര ‘ടെഹ്റാൻ’, ബ്രിട്ടീഷ് പരമ്പര ‘ദെയർ ഷീ ഗോസ്’ എന്നീ സീരീസുകളാണ് ആര്യക്കൊപ്പം മത്സരിക്കുക.