തിരുവനന്തപുരം: ഡിഎന്‍എ(DNA) സാംപിള്‍ പരിശോധനയിലെ സുതാര്യത ചോദ്യം ചെയ്തും അട്ടിമറി ആങ്ക പങ്കുവച്ചും അനുപമ(Anupama).
തന്റേയും ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും സാംപിള്‍ വെവ്വൈറേ പരിശോധിക്കുന്നത് ക്രമക്കേട് നടത്താനാണെന്നാണ് അനുപമയുടെ ആരോപണം.

ഇന്നലെ ആന്ധ്രയില്‍ നിന്നു കൊണ്ടു വന്ന എന്റെ കുഞ്ഞിന്റെ ഡിഎന്‍എ സാംപിള്‍ തന്നെയാണ് എടുക്കുന്നതെന്ന് ഞാന്‍ എങ്ങനെ ഉറപ്പിക്കും. ഡിഎന്‍എ സാംപിള്‍ മിസ് മാച്ച്‌ വന്നാല്‍ ആര് ഉത്തരം പറയും. രാജീവ്ഗാന്ധി ബയോ ടെക്നോളജി സെന്ററില്‍ ഉള്ളവര്‍ക്ക് എന്റെ കുഞ്ഞിനെ തിരിച്ചറിയില്ല. ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മിറ്റി കാണിക്കുന്ന കുഞ്ഞിന്റെ സാംപിള്‍ അവര്‍ എടുക്കും.

ഇവര്‍ എന്റെ കുഞ്ഞിനെ തന്നെയാണോ കാണിക്കുന്നതെന്നും സാംപിള്‍ നല്‍കുന്നതെന്നും ഞാന്‍ എങ്ങനെ വിശ്വസിക്കും. സുതാര്യമാകണമെന്ന് പറയുന്നില്ല. മാധ്യമങ്ങളുടെ മുന്‍പില്‍‌ വേണമെന്നും പറയുന്നില്ല. ഞങ്ങളെ അറിയിക്കാനുള്ള മര്യാദ എങ്കിലും കാണിക്കണ്ടേ. ഇത്ര നാള്‍ നീതി നല്‍കിയില്ല. ഇപ്പോഴും അധികൃതര്‍ പ്രതികാരത്തോടെയാണ് കാണുന്നതെന്നും അനുപമ ആരോപിച്ചു.

തെറ്റു ചെയ്ത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലേയും സംസ്ഥാന ശിശുക്ഷേമ സമിതിയിലേയും ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നാണ് ‍ഞാന്‍ ആവശ്യപ്പെടുന്നത്. അവരെത്തന്നെ ഇത്തരം ഉത്തരവാദിത്വവും അന്വേഷണവും ഏല്പിക്കുമ്ബോള്‍ പ്രതികാര മനോഭാവത്തോടെയല്ലേ അവര്‍ പെരുമാറൂ. അവരെ മാറ്റി നിര്‍ത്തിയാണ് അന്വേഷണം മുന്നോട്ടു പോയതെങ്കില്‍ ഇത് ഉണ്ടാകുമായിരുന്നില്ല. ആരോപണ വിധേയരായ അതേ പാനല്‍ തന്നെ അന്വേഷണം നടത്തുമ്ബോള്‍ തെളിവു നശിപ്പിക്കാനും സ്വാധീനിക്കാനും ഇടയുണ്ട്. ഇക്കാര്യങ്ങളിലൊക്കെ വലിയ വിഷമമുണ്ട്. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കുന്നതും ആലോചനയിലുണ്ട്. അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അനുപമ പറഞ്ഞു.

കുഞ്ഞിനെ കാണിക്കണമെന്ന് പറയുന്നില്ല. എന്റെ കുഞ്ഞിന്റെ സാംപിള്‍ തന്നെയാണ് എടുക്കുന്നത് എന്ന് എന്നെയെങ്കിലും ബോധ്യപ്പെടുത്തണം. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് എന്റേയും ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും സാപിള്‍ ഒരുമിച്ച്‌ എടുക്കുന്നില്ല. മാനുഷിക പരിഗണന ഇല്ലാതെയാണ് അവരുടെ നടപടികള്‍. കുട്ടിയെ കാണുന്നത് പരമാവധി വൈകിപ്പിക്കാനാണ് ശ്രമം. ഡിഎന്‍എ പരിശോധന വേണമെന്ന് 22 ദിവസം മുന്‍പ് കോടതി പറഞ്ഞതാണ്.

എന്നിട്ടും ഇത്രയും വൈകിച്ചത് എന്തിനാണ്. ഇല്ലായിരുന്നെങ്കില്‍ ഇന്ന് കുഞ്ഞ് എന്റെ കൈയില്‍ ഇരുന്നേനെ. ഇത് മനപ്പൂര്‍വം വൈകിക്കലാണ്. രക്ഷപ്പെടാന്‍ കുറ്റാരോപിതര്‍ക്ക് സമയം കൊടുക്കാനാണിത്. കുറ്റം ചെയ്യുന്നവര്‍ തന്നെയാണ് അന്വേഷിക്കുന്നത്. അന്വേഷണ ചുമതലയും അവര്‍ക്കു തന്നെ. ഇത് എന്തു നീതിയാണെന്നും അനുപമ ചോദിച്ചു