ഭോപ്പാല്‍ : മദ്ധ്യപ്രദേശിലെ ഹോസന്‍ഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് വീഡിയോയ്‌ക്ക് പോസ് ചെയ്ത യുവാവ് ട്രെയിന്‍ ഇടിച്ച്‌ മരിച്ചു.

പഞ്ചാരകല സ്വദേശിയായ സഞ്ജു ചൗറെ(22) ആണ് മരിച്ചത്.

സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍ ചേര്‍ന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് സഞ്ജു ചൗറെ അപകടത്തില്‍ പെട്ടത്. ശാരദേവ് ബാബ പ്രദേശത്തെ ഇറ്റാര്‍സി-നാഗ്പൂര്‍ റെയില്‍ റൂട്ടില്‍ വെച്ചാണ് ഇവര്‍ വീഡിയോ ചിത്രീകരിച്ചത്.

അതിനിടെ ട്രാക്കിലൂടെ ട്രെയിന്‍ വന്നത് യുവാക്കള്‍ ശ്രദ്ധിച്ചില്ല. അപകടത്തിന് പിന്നാലെ സഞ്ജുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു. സഞ്ജുവിന്റെ അവസാനമായി ചിത്രീകരിച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാവിനെ ട്രാക്കില്‍ കണ്ട ചരക്ക് ട്രെയിനിലെ ലോക്കോ പൈലറ്റ് ഹോണടിക്കുന്നതും നിമിഷ നേരം കൊണ്ട് യുവാവിനെ ഇടിക്കുന്നതും വീഡിയോയില്‍ കാണാം.