പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ആമവാതം അഥവാ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്.
സന്ധികളില്‍ നീരിനും വേദനയ്ക്കും ഇത് കാരണമാകുന്നു. കൈകള്‍, കൈക്കുഴ, കാലുകള്‍ തുടങ്ങിയവയിലൊക്കെയാണ് ആമവാതത്തിന്‍റെ പ്രകടമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ചര്‍മം, കണ്ണുകള്‍, ശ്വാസകോശം, ഹൃദയം, രക്തധമനികള്‍ എന്നിവയ്ക്കെല്ലാം നാശം വരുത്താന്‍ ഈ രോഗത്തിനാകും.വളരെ പതിയെ ആരംഭിച്ച്‌ ക്രമേണ പുരോഗമിക്കുന്ന ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ആദ്യമൊക്കെ വന്നും പോയും ഇരിക്കും. തുടക്ക ഘട്ടത്തില്‍തന്നെ ഇവ തിരിച്ചറിയാന്‍ സാധിച്ചാല്‍ രോഗത്തെ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാനാകും. ആമവാതത്തിന്‍റെ പ്രാരംഭത്തില്‍ പ്രത്യക്ഷപ്പെടുന്ന ആറു പ്രധാന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.ഈ രോഗം വന്നു കഴിഞ്ഞാല്‍ ചികിത്സിച്ച്‌ മാറ്റാന്‍ കഴിയില്ലെങ്കിലും നേരത്തെ രോഗനിര്‍ണയം നടത്തുന്നത് സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

1. അമിതമായ ക്ഷീണം

സന്ധിവേദനയും നീരുമെല്ലാം പ്രത്യക്ഷമാകും മുന്‍പ് തന്നെ ആമവാതം ബാധിച്ച വ്യക്തികളില്‍ അമിതമായ ക്ഷീണവും വിഷാദവും വരാം. സാധാരണ ചെയ്യുന്ന ജോലികള്‍ കൂടി ചെയ്യാന്‍ സാധിക്കാത്ത വിധം ക്ഷീണം ഇവരെ പിടികൂടും. കുറഞ്ഞ ലൈംഗികചോദനയും ഇക്കാലഘട്ടത്തില്‍ ഉണ്ടാകാം. ആമവാതമുണ്ടാക്കുന്ന നീര്‍ക്കെട്ടിനെതിരെ പോരാടാന്‍ ശരീരം അതിന്‍റെ ഊര്‍ജ്ജമെല്ലാം ഉപയോഗിക്കുന്നതു മൂലമാണ് ക്ഷീണം അടക്കമുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നത്.

2. ഭാരം കുറയല്‍

സന്ധിവേദനയും ഭാരം കുറയുന്നതുമായി പ്രത്യേകിച്ച്‌ ബന്ധമൊന്നും ഇല്ലാത്തതിനാല്‍ ഈ രോഗലക്ഷണം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാം. പ്രത്യേകിച്ച്‌ ഒന്നും ചെയ്യാതെ ഭാരം കുറയുന്നതും ഒപ്പം ക്ഷീണം പ്രകടിപ്പിക്കുന്നതും ആമവാതത്തിന്‍റെ പ്രാരംഭ ലക്ഷണമാണ്. ക്ഷീണവും പനിയുമൊക്കെ തോന്നുമ്ബോള്‍ വിശപ്പ് നഷ്ടപ്പെടുന്നതും ഭാരം കുറയുന്നതിന് കാരണമാകാം.

3.സന്ധികള്‍ക്ക് പിരിമുറുക്കം

രാവിലെ ഉണരുമ്ബോള്‍ സന്ധികള്‍ക്ക് വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെടുന്നതും ആമവാതത്തിന്‍റെ ലക്ഷണമാണ്. കുറച്ച്‌ നേരം വെറുതേ ഇരുന്നാല്‍ ഉടനെ ഇത്തരം പിരിമുറുക്കം സന്ധികളില്‍ പ്രത്യക്ഷമാകാം. കൈക്കുഴകള്‍ക്കും കാല്‍മുട്ടിലും കാലിലുമെല്ലാം ശരീരത്തിന്‍റെ ഇരുവശത്തും ഇത്തരത്തില്‍ തോന്നാം. ആദ്യമൊക്കെ ഇത് വന്ന് പെട്ടെന്ന് അപ്രത്യക്ഷമാകും. എന്നാല്‍ പിന്നെപിന്നെ ദീര്‍ഘനേരം നീണ്ടു നില്‍ക്കാം ഈ പിരിമുറുക്കം.

4. മരവിപ്പ്, തരിപ്പ്

കോശസംയുക്തങ്ങള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ട് ഞരമ്ബുകള്‍ക്കും അമിതമായ സമ്മര്‍ദം സൃഷ്ടിക്കും. ഇത് കൈകളിലും കാലുകളിലും മരവിപ്പും തരിപ്പും ബലഹീനതയും ഉണ്ടാക്കാം. സന്ധികളില്‍ അമര്‍ത്തുമ്ബോള്‍ അവ ബലഹീനമായതു പോലെ കാണപ്പെടും. നടക്കാന്‍ ബുദ്ധിമുട്ട് വരുന്നതും ഒരു വസ്തു ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കാനാവാതെ വരുന്നതുമെല്ലാം ഇതിന്‍റെ ലക്ഷണമാണ്.

5. ചലനങ്ങളില്‍ നിയന്ത്രണം

സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കവും ബലഹീനതയും സ്വതന്ത്രമായി ചലിക്കാനുള്ള ഒരാളുടെ കഴിവിനെയും ബാധിക്കും. തുടക്കത്തില്‍ കൈക്കുഴകള്‍ മുന്നിലേക്കും പിന്നിലേക്കും ചലിപ്പിക്കാനും വ്യായാമങ്ങള്‍ ചെയ്യാനും ബുദ്ധിമുട്ട് നേരിടാം. രോഗം അതിക്രമിക്കുന്നതോടെ അസ്ഥിബന്ധങ്ങളെയും ചലനഞരമ്ബുകളെയുമെല്ലാം ബാധിച്ച്‌ കൈകാലുകള്‍ വളയ്ക്കാനോ നിവര്‍ത്താനോ പറ്റാത്ത അവസ്ഥയാകും.

6. സന്ധികളില്‍ ചുവപ്പ്

സന്ധികള്‍ ചുവന്നിരിക്കുന്നതും ആമവാതത്തിന്‍റെ പ്രാരംഭ ലക്ഷണമാണ്. കോശസംയുക്തങ്ങള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് ഇവയ്ക്ക് ചുവന്ന നിറം നല്‍കുന്നത്. ഇതിനോടൊപ്പം കൈകാലുകളിലെ സന്ധികളുടെ ഭാഗത്തുള്ള ചര്‍മത്തിനും നിറവ്യത്യാസം അനുഭവപ്പെടാം