ക്രിസ്മസ് പടിവാതിൽക്കലെത്തി. പലരും വൈൻ നിർമാണവും കേക്ക് നിർമാണത്തിന് മുന്നോടിയായുള്ള കേക്ക് മിക്‌സിംഗുമെല്ലാമായി തിരക്കിലാണ്. ഈ പശ്ചാത്തലത്തിൽ പുതിയ തൊഴിലവസരവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വൈൻ നിർമാതാക്കളായ ഹൗസ് ഓഫ് ടൗൺ എൻഡ്. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം വൈൻ ടെസ്റ്റർമാരെ തെരയുകയാണ്.

പല തരം വൈൻ രുചിച്ച്, അവയുടെ സ്വാദ്, ഗന്ധം, ടെക്‌സ്ചർ തുടങ്ങിയവയെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുകയാണ് വൈൻ ടേസ്റ്റർമാരുടെ ജോലി. വൈനിനോട് അതിയായ താത്പര്യവും, പലതരം വൈൻ രുചികളെ കുറിച്ചുള്ള അറിവും വേണം. യു.കെയിലാകും ജോലി എന്നതുകൊണ്ട് തന്നെ ഭാഷാ പരിജ്ഞാനവും അനിവാര്യമാണ്.

ഒരു മാസത്തേക്കുള്ള കോൺട്രാക്ട് അടിസ്ഥാനത്തിലാണ് ജോലി. ജോലിയിൽ പ്രവേശിച്ച് ആദ്യ രണ്ടാഴ്ചയ്ക്കകം തന്നെ ആറ് വിവിധ തരം റെഡ് വൈനുകൾ രുചിച്ച് അഭിപ്രായം രേഖപ്പെടുത്തണം. പിന്നീട് പല വിധ വൈനുകൾ അവയുടെ വിവിധ സ്വഭാവം, മെച്ചപ്പെടുത്തേണ്ട കാര്യങ്ങൾ എന്നിവ കൃത്യമായി പറഞ്ഞുകൊടുക്കണം.

ഹൗസ് ഓഫ് ടൗൺ എൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ജോലിക്കായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകന് 18 വയസ് പൂർത്തിയായിരിക്കണം. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാളെ മാത്രമേ വൈൻ ടേസ്റ്ററായി നിയമിക്കുകയുള്ളു. റെഡ് വൈനാകും പ്രതിഫലമായി ലഭിക്കുക. വൈൻ ടേസ്റ്റിംഗ് കോൺട്രാക്ട് അടിസ്ഥാനത്തിലുള്ള പാർട്ട് ടൈം ജോലി ആയതുകൊണ്ട് തന്നെ മറ്റൊരു മുഴുവൻസമയ ജോലി ചെയ്യുന്ന വ്യക്തികൾക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഡിസംബർ 15 ആണ്.