റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകർക്ക് വേണ്ടി ഏർപ്പെടുത്തിയ മീഡിയ എക്‌സലൻസി അവാർഡുകളിൽ Media Excellance in TV Production അവാർഡ് ഏഷ്യാനെറ്റ് യു എസ് & കാനഡ പ്രോഗ്രാം ഡയറക്ടറും ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ്  പ്രൊഡ്യൂസറുമായ രാജു പള്ളത്തിന്. ചിക്കാഗോയിൽ വച്ച് നടന്ന മീഡിയാ കോൺഫ്രൻസിന്റെ സമാപന സമ്മേളനത്തിൽ വച്ച് അങ്കമാലി എം എൽ എ ശ്രീ റോജി ജോൺ അവാർഡ് സമ്മാനിച്ചു. അവാർഡിന് അർഹനായ രാജു പള്ളത്തിനെ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി ബിജു കിഴക്കേക്കുറ്റ് അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് ന്യൂസിൽ അമേരിക്കൻ കാഴ്ചകൾ എന്ന വാരാന്ത്യ പരിപാടിയിലൂടെയാണ് രാജു പള്ളത്ത് ടി വി പ്രൊഡകഷൻ രംഗത്തേക്ക് എത്തുന്നത്. പിന്നീട് അമേരിക്കൻ മലയാളികളുടെ പ്രഥമ കമ്മ്യൂണിറ്റി വാരാന്ത്യ പരിപാടിയായ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പിന്റെ  പ്രൊഡ്യൂസർ & പ്രോഗ്രാം ഡയറക്ടർ ആയി നിയമിതനായി. കഴഞ്ഞ രണ്ടു വര്ഷങ്ങളായി കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങളോടെ ഏഷ്യാനെറ്റ് യു എസ വീക്കിലി റൗണ്ടപ്പ്  ജനകീയമായത് രാജു പള്ളത്തിന്റെ നേതൃത്വപാടവം ഒന്നുകൊണ്ടു മാത്രമാണ്. കോവിഡ് കാലത്ത് ലൈഫ് ആൻഡ് ഹെല്ത്ത് എന്ന പരിപാടിയിലൂടെ ജനോപകാരപ്രദമായ വിഷയങ്ങൾ പൊതുസമൂഹത്തിന് നൽകുക മാത്രമല്ല, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക്  പരിപാടിയിൽ പങ്കെടുക്കുവാനും ആദരം അർപ്പിക്കുകായും ചെയ്തുകൊണ്ട് മാതൃകയായി. അമേരിക്കൻ കാഴ്ച്ചകൾ എന്ന ട്രാവൽ സെഗ്മെന്റ്, അമേരിക്കൻ കിച്ചൺ എന്ന കുക്കിംഗ് സെഗ്മെന്റ്  തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ടാണ്  കേവലം ഒരു കമ്മ്യൂണിറ്റി വാർത്താധിഷ്ഠിത പരിപാടി എന്നതിൽ നിന്നും യു എസ് വീക്കിലി റൗണ്ടപ്പിനെ  കൂടുതൽ ജനകീയമായ ഒരു പരിപാടിയായി മാറ്റിയെടുത്തത്. കോവിഡ് കാലത്തും അമേരിക്കയിൽ നിന്നും ഒരിക്കൽ പോലും മുടങ്ങാതെ  സംപ്രേക്ഷണം ചെയ്ത ചുരുക്കം ചില പരിപാടികളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ്.

വളരെ അടുക്കും ചിട്ടയോടും, വൈവിധ്യമാർന്ന പരിപാടികളോടും കൂടി മീഡിയാ കോൺഫ്രൻസ് നടത്തി വിജയിപ്പിച്ച ബിജു കിഴക്കേകുറ്റിന്റെയും, സുനിൽ ട്രൈസ്റ്റാറിന്റെയും ജീമോൻ ജോർജ്ജിന്റെയും നേതൃത്വത്തിലുള്ള ഇന്ത്യാ പ്രസ്ക്ലബ്ബ് നേതൃത്തെ അഭിനന്ദിക്കുന്നതായും,  മീഡിയാ എക്‌സലൻസി  അവാർഡ് നൽകി ആദരിച്ചതിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് നേതൃത്വത്തിനും, പ്രസ്സ് ക്ലബ്ബ് സഹപ്രവർത്തകർക്കും, യു എസ് വീക്കിലി റൗണ്ടപ്പ്  ചീഫ് പ്രൊഡ്യൂസർ ശ്രീ എം. ആർ. രാജൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീ സുരേഷ്ബാബു ചെറിയത്ത്, ഓപ്പറേഷൻസ് മാനേജർ ശ്രീ മാത്യു വർഗ്ഗീസ്, എന്നിവരോടൊപ്പം യു എസ് വീക്കിലി റൗണ്ടപ്പ് ടീമിനും നന്ദി അറിയിക്കുന്നതായും , തനിക്ക് ലഭിച്ച അവാർഡ് ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പിന് ലഭിച്ച സ്വീകാര്യതയായി കണ്ടുകൊണ്ട് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പ്രവർത്തിക്കുന്ന ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പിന്റെ പ്രവർത്തകർക്കായി സമർപ്പിക്കുന്നു എന്നും രാജു പള്ളത്ത് അറിയിച്ചു.

ഒപ്പേറഷൻസ് മാനേജർ മാത്യു വർഗ്ഗീസ് അറിയിച്ചതാണിത്.