കൊറോണ മഹാമാരി ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. കമ്മ്യൂണിസ്റ്റ് ചൈനയിലെ വുഹാൻ വൈറോളജി ലാബിൽ നിന്നും 2019 നവംബർ 17 ന് പുറത്ത് വന്ന മാരക വൈറസ് പടർന്ന് പിടിച്ചപ്പോൾ ലോകം അക്ഷരാർത്ഥത്തിൽ നിശ്ചലമായി. ആദ്യ ഘട്ടങ്ങളിൽ ലോകത്തെ വൻ സാമ്പത്തിക ശക്തികളെ പോലും നിഷ്പ്രഭമാക്കിയ വൈറസിന്റെ പിടിയിൽ നിന്നും പലരാജ്യങ്ങളും കരകയറുന്നേയുള്ളു. മുൻപൊന്നും ഇങ്ങനെയൊരു പ്രതിസന്ധി ആരും നേരിട്ടിട്ടുണ്ടായില്ല. മനുഷ്യരാശിയെ വരിഞ്ഞു മുറുക്കിയ മഹാമാരി സമസ്ത മേഖലകളിലും കനത്ത ആഘാതം തന്നെ സൃഷ്ടിച്ചു. സാമ്പത്തിക-സാമൂഹിക മേഖലകളിൽ സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും നിരവധി രാഷ്‌ട്രങ്ങൾ ഇനിയും മുക്തരായിട്ടില്ല.

ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 26 കോടി ജനങ്ങൾക്ക് രോഗം ബാധിച്ചു. 51 ലക്ഷം ആളുകളുടെ ജീവനും മഹാമാരി കവർന്നു. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചതും മരണം റിപ്പോർട്ട് ചെയ്തതും അമേരിക്കയിലാണ്. ഏകദേശം 5 കോടി ജനങ്ങൾക്ക് വൈറസ് ബാധിക്കുകയും 8 ലക്ഷം പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 3.4 കോടി രോഗ ബാധിതരും 4.6 ലക്ഷം മരണവുമാണ് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഇന്നലെ വരെ റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്ത് 1.3 ലക്ഷം പോസിറ്റീവ് കേസുകൾ മാത്രമാണുള്ളത്. രോഗ ബാധിതരിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ പക്ഷേ ഇന്ത്യയേക്കാൾ മരണം കൂടുതലാണ്. 6.1 ലക്ഷം പേർക്ക് ലാറ്റിനമേരിക്കൻ രാജ്യത്ത് ജീവൻ നഷ്ടമായി.

കൊറോണ വാക്‌സിൻ ദ്രുതഗതിയിൽ വിതരണം ചെയ്തും രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയും കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകളാണ് രോഗ വ്യാപനത്തെ ഇന്ത്യയിൽ നിയന്ത്രിക്കാൻ സാധിച്ചത്. ലോകജനസംഖ്യാനുപാതമായി കണക്കാക്കുകയാണെങ്കിൽ ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണവും മരണനിരക്കും താരതമ്യേന വളരെ കുറവാണ്. തൃശ്ശൂർ ജില്ലയിലാണ് 2020 ജനുവരി 30 ന് രാജ്യത്ത് ആദ്യ കൊറോണ റിപ്പോർട്ട് ചെയ്യുന്നത്. രോഗം പടർന്ന് പിടിച്ചതോടെ മാർച്ച് 24 ന് രാജ്യത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. രോഗ വ്യാപനത്തിന്റെ തീവ്രതയുടെ തോത് കണക്കാക്കി പലപ്പോഴായി നിയന്ത്രണങ്ങൾ നീട്ടുകയും കുറയ്‌ക്കുകയും ചെയ്തുകൊണ്ടിരുന്നു.

ലോകം മഹാമാരിയ്‌ക്ക് മുന്നിൽ വിറങ്ങലിച്ച് നിസ്സഹരായപ്പോൾ ഇന്ത്യ പോലുള്ള ചുരുക്കം രാജ്യങ്ങൾ മാത്രമാണ് പിടിച്ചു നിന്നത്. നരേന്ദ്ര മോദി സർക്കാർ നടപ്പിലാകിയ പ്രത്യേക കൊറോണ ഉത്തേജക പാക്കേജുകൾ ഇന്ത്യൻ ജനതയ്‌ക്ക് നൽകിയ ആശ്വാസം ചെറുതല്ല. പൊതുവിതരണ സംവിധാനത്തിലൂടെ അരിയും ഗോതമ്പും അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്ത് രാജ്യത്തെ ജനതയെ നരേന്ദ്ര മോദി ചേർത്ത് നിർത്തി. രാജ്യത്താകമാനം സൗജന്യ വാക്‌സിനേഷനാണ് കേന്ദ്ര സർക്കാർ നൽകുന്നത്.

തദ്ദേശീയമായി ഇന്ത്യ നിർമ്മിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘനയുടെ അംഗീകാരവും ലഭിച്ചതോടെ വാക്‌സിൻ മറ്റ് രാജ്യങ്ങളിലേയ് കയറ്റുമതി ചെയ്യുന്നതും കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. നിരവധി ദരിദ്ര രാജ്യങ്ങൾക്ക് സൗജന്യമായും ഇന്ത്യയിപ്പോൾ വാക്‌സിൻ നൽകുന്നുണ്ട്. സാമ്പത്തിക -വ്യാവസായിക രംഗത്തെ ഉത്തേജിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ വിജയം കാണുന്നുവെന്ന് പുതുതായി പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വിലക്കയറ്റം പോലുള്ള പ്രശ്‌നങ്ങൾ രാജ്യത്ത് സംജാതമായില്ല എന്നതും എടുത്തു പറയേണ്ട വസ്തുതയാണെന്ന് സാമ്പത്തിക വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.