മുൻ കോൺഗ്രസ് നേതാവും ഡൽഹി നിയമസഭാ സ്പീക്കറുമായിരുന്ന യോഗാനന്ദ് ശാസ്ത്രി എൻ.സി.പിയിൽ ചേർന്നു. കോൺഗ്രസ് മാറിപ്പോയെന്നും ജവഹർലാൽ നെഹ്‌റുവിന്റെ കാലത്തെ പാർട്ടിയല്ല ഇപ്പോൾ ഉള്ളതെന്നും നല്ല പ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പാർട്ടി പ്രാധാന്യം നൽകുന്നില്ലെന്നും ശാസ്ത്രി പറഞ്ഞു.

“ഞാൻ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നില്ല, പക്ഷേ അടിസ്ഥാന തലത്തിലുള്ള യാഥാർത്ഥ്യം നിങ്ങൾക്കറിയാം. പ്രാദേശിക തലത്തിൽ പാർട്ടിയിൽ കുഴപ്പങ്ങൾ ഉണ്ട്. പ്രവർത്തകർക്ക് വേണ്ടത്ര ബഹുമാനവും പരിഗണനയും ലഭിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി അധ്യക്ഷൻ ശരദ് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു ശാസ്ത്രിയുടെ എൻസിപി പ്രവേശനം. കോൺഗ്രസുമായി ദീർഘകാല ബന്ധം പുലർത്തിയിരുന്ന ശാസ്ത്രി 2020-ൽ പാർട്ടിയിൽ നിന്ന് രാജിവെച്ചു. 2008-നും 2013-നും ഇടയിൽ ഡൽഹി നിയമസഭാ സ്പീക്കർ സ്ഥാനം വഹിച്ചു. മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം.