സോഷ്യൽ മീഡിയ വ്യാപകമായതോടെ ലോകത്ത് എവിടെ നടക്കുന്ന കാര്യങ്ങളാണെങ്കിലും ഞൊടിയിടയിലാണ് നമുക്കിടയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ രസകരമായ സംഭവങ്ങളും കൗതുകരമായ വാർത്തകളും ഇപ്പോൾ സൈബർ ഇടങ്ങളിൽ പെട്ടെന്ന് ഇടംപിടിക്കാറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പൂച്ചക്കുഞ്ഞിനെ പരിചയപ്പെടാം. സാധാരണ പൂച്ചകളെ പോലെ രണ്ടല്ല നാല് ചെവിയാണ് ഈ പൂച്ചയ്ക്കുള്ളത്. ഉടമ പൂച്ചക്കുട്ടിയ്ക്കായി ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയതോടെയാണ് ആള് അങ്ങ് താരമായത്. തുർക്കിയിലാണ് ഈ ഇരട്ട ചെവിയൻ പൂച്ചയുള്ളത്. സ്വന്തമായി രണ്ട് വളർത്തുമൃഗങ്ങളുള്ള കാനിസ് ഡോസെമെസിയാണ് ഈ പൂച്ചയെയും സ്വന്തമാക്കിയിരിക്കുന്നത്.

മിഡാസ് എന്ന് വിളിപ്പേരുള്ള പൂച്ചക്കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിൽ അവർ പങ്കുവെക്കാറുണ്ട്. 59000 ഫോളോവേഴ്‌സുള്ള ഈ കുഞ്ഞൻ സോഷ്യൽ മീഡിയയിൽ ചെറിയ താരമാണ്. എങ്ങനെയാണ് മിഡാസിനെ കാനിസിന് ലഭിച്ചതെന്ന് അറിയാമോ? കാനിസിന്റെ സുഹൃത്തിന്റെ വീട്ടിൽ വഴിതെറ്റി എത്തിയ ഒരു പൂച്ചയ്ക്കുണ്ടായ ആറ് കുഞ്ഞുങ്ങളിൽ ഒന്നാണ് മിഡാസ് എന്ന ഈ പൂച്ചക്കുട്ടി. ഈ പ്രത്യേകതകൾ ഉള്ളതിനാൽ തന്നെ വളർത്തുമൃഗങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നിടത്തായിരുന്നു മിഡാസ് കഴിഞ്ഞിരുന്നത്. പിന്നീട് മിഡാസിന് കാനിസ് ദത്തെടുക്കുകയായിരുന്നു. ആദ്യം ആളുകൾക്ക് നാല് ചെവിയുള്ള പൂച്ചക്കുഞ്ഞ് എന്നത് ഏറെ കൗതുകമായിരുന്നു. മിഡാസിന്റെ വിശേഷങ്ങൾ ചോദിച്ച് നിരവധി മെസ്സേജുകളും കിട്ടാറുണ്ടായിരുന്നു.

പൂച്ചക്കുഞ്ഞിന്റെ സാധാരണ ചെവികൾക്ക് അരികിലായാണ് ഓരോ ചെറിയ ചെവികൾ അധികമായുള്ളത്. ഈ പ്രത്യേകതയ്ക്ക് കാരണവും ആളുകൾ തിരക്കാറുണ്ട്. പാരമ്പര്യമായി ലഭിച്ച ഒരു ജനിതക വൈകല്യമായിരിക്കാം ഇതെന്നാണ് കണ്ടെത്തൽ. രണ്ട് ചെവികൾ അധികമുണ്ടെങ്കിലും ഈ ചെവികൾക്ക് കേൾവി ശക്തിയില്ല. നാല് ചെവികൾക്ക് പുറമെ മിഡാസിന്റെ ദേഹത്ത് വെളുത്ത നിറത്തിൽ ഒരു ഹൃദയത്തിന്റെ ആകൃതിയിൽ ഉള്ള ഒരു പാടും കാണാം.

മിഡാസ് അവളുടെ പുതിയ വീട്ടിൽ ഏറെ സന്തോഷത്തോടെയാണ് കഴിയുന്നത്. അവൾ അവളുടെ കിടക്കയിൽ വിശ്രമിക്കുന്നതും കളിപ്പാട്ടങ്ങളുമായി കളിക്കുന്നതുമൊക്കെ കാനിസ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങളിൽ കാണുന്നത് പോലെ. “അവൾ ഒരു കുസൃതിക്കാരിയായ പൂച്ചയാണ്. എന്നാൽ വളരെ സൗഹാർദ്ദപരമായി പെരുമാറുകയും ചെയ്യും,” “അവൾ പകൽ മുഴുവൻ ഉറങ്ങുകയും രാത്രി മുഴുവൻ ഉണർന്നിരിക്കുകയും ചെയ്യുമെന്ന്” ഇൻസ്റ്റഗ്രാം കുറിപ്പുകളിലൂടെ കാനിസ് പറയുന്നു.

കാനിസിന് മിഡാസിനെ കൂടാതെ സുസി, സെനിയോ എന്നീ നായ്ക്കുട്ടികളും ഉണ്ട്. ഇവർക്കൊപ്പമാണ് മിഡാസ് കഴിയുന്നത്. നായ്ക്കുട്ടികൾക്കൊപ്പം കളിക്കുന്ന മിഡാസിന്റെ നിരവധി വീഡിയോകളും ഇൻസ്റ്റഗ്രാം പേജിലുണ്ട്. ഇതിനോടകം നിരവധി പേരുടെ ഹൃദയം കീഴടക്കിയ താരമാണ് മിഡാസ്. ചിലരെങ്കിലും മിഡാസിനെ സൂപ്പർസ്റ്റാർ എന്നാണ് വിളിക്കുന്നത്.