ഓട്‌സ് ആണെങ്കില്‍ അതിന് പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. രാവിലെ ഓട്‌സ് കഴിക്കുന്നത് വണ്ണം കൂടുന്നത് തടയാന്‍ ഏറെ സഹായകമാണ്. ഫൈബറിനാലും പ്രോട്ടീനിനാലും സമ്ബന്നമാണ് ഓട്‌സ്. ദീര്‍ഘസമയത്തേക്ക് വിശപ്പറിയിക്കാതെ നമ്മെ കൊണ്ടുനടക്കാനും ഓട്‌സിന് കഴിയും. അങ്ങനെ വരുമ്ബോള്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാം.

ഫൈബറിനാല്‍ സമൃദ്ധമാണെന്നതിനാല്‍ ദഹനപ്രശ്‌നങ്ങളെ വലിയ തോതില്‍ അകറ്റാനും ഇത് സഹായിക്കുന്നു. നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസ് കൂടിയാണ് ഓട്‌സ്.

ഓട്‌സ് വെറുതെ വെള്ളത്തില്‍ വേവിച്ച്‌ കഴിക്കുന്നവരും, പാലില്‍ കഴിക്കുന്നവരും ഉണ്ട്. ചിലര്‍ ഓട്‌സ് കൊണ്ട് ഉപ്പുമാവ് തയ്യാറാക്കാറുണ്ട്. ഓട്‌സ് ദോശ, ഓട്‌സ് ഇഡലി, ഓട്‌സ് അരച്ച അപ്പം എന്നിങ്ങനെ ഓട്‌സ് കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം. എന്നാല്‍ ഓട്‌സ് കൊണ്ട് അത്യഗ്രന്‍ കട്‌ലറ്റ് തയ്യാറാക്കാമെന്ന് പലര്‍ക്കും അറിയില്ലെന്നതാണ് സത്യം.

ഒരേസമയം ശരീരത്തിന് ഗുണകരവും രുചികരവുമായ ഒരു വിഭവമാണ് ഓട്‌സ് കട്‌ലറ്റ്. ഇതില്‍ അത്യാവശ്യം പച്ചക്കറികളും ചേര്‍ക്കുന്നുണ്ട്. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ..

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ചെടുത്ത ശേഷം അത് നന്നായി പൊടിച്ചുവയ്ക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത് വച്ച ക്യാരറ്റും ചേര്‍ക്കാം. വലിയൊരു ബൗളിലേക്ക് ഇവ പകര്‍ന്ന ശേഷം ഇതിലേക്ക് റോസ്റ്റഡ് ഓട്‌സ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ്, ഉപ്പ്, മുളകുപൊടി, മസാല പൊടി എന്നിവ ചേര്‍ക്കാം. ഒപ്പം തന്നെ കുനുകുനു ആക്കിയെടുത്ത അല്‍പം പനീറും ചേര്‍ക്കാം.

എല്ലാം നന്നായി കുഴച്ച്‌ യോജിപ്പിച്ച ശേഷം ഉരുളകളാക്കി എടുത്ത് കയ്യില്‍ പരത്തി കട്‌ലറ്റിന്റെ പരുവത്തിലാക്കിയെടുക്കാം. ഓവനിലാണ് കട്‌ലറ്റ് കുക്ക് ചെയ്‌തെടുക്കേണ്ടത്. ഒരു സ്പൂണ്‍ ഓയില്‍ മാത്രം ഇതിന് ഉപയോഗിച്ചാല്‍ മതി. ഓവന്‍ 200 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിവയ്ക്കാം. ബേക്കിംഗ് ട്രേയില്‍ എണ്ണ പുരട്ടിയ ശേഷം കട്‌ലറ്റുകള്‍ വയ്ക്കാം. 20 മിനുറ്റ് കൊണ്ട് നല്ല കിടിലന്‍ കട്‌ലറ്റ് തയ്യാര്‍.