കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പിഴവ് സംബന്ധിച്ച വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടെ പിഴവ് തിരുത്തണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. എറണാകുളം സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്ഥലവും തീയതിയും തെറ്റായി രേഖപ്പെടുത്തിയെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. രണ്ടാം ഡോസ് ഏപ്രില്‍ മാസത്തില്‍ ആലുവയിലാണ് എടുത്തതെന്നും എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ ജൂലൈയില്‍ എറണാകുളത്ത് എടുത്തെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.

സര്‍ട്ടിഫിക്കറ്റിലെ പിഴവ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഹര്‍ജിക്കാരന്റെ രണ്ടാം ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലാണ് പിഴവ് വന്നിട്ടുള്ളത്. സര്‍ട്ടിഫിക്കറ്റിലെ തെറ്റ് കാരണം വിദേശത്തുള്ള മക്കളെ സന്ദര്‍ശിക്കാന്‍ തടസമുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു.