ബസ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിൽ സർവ്വീസ് നിർത്തിവെക്കുമെന്ന് ബസ് ഉടമകൾ. ഇത് സംബന്ധിച്ച് ഉടമകൾ ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. നവംബർ 9 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ഉടമകളുടെ സംയുക്ത സമിതി അറിയിക്കുന്നത്.

മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, കിലോ മീറ്റർ നിരക്ക് ഒരു രൂപയാക്കുക, വിദ്യാർത്ഥി യാത്രാ നിരക്ക് മിനിമം ആറ് രൂപയും തുടർന്നുള്ള ചാർജ് 50 ശതമാനവും ആക്കുക എന്നതാണ് ഇവരുടെ ആവശ്യം. കൊറോണ കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ഉടമകൾ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം കൊറോണ കാലത്തെ ടിക്കറ്റ് വില വർദ്ധനവ് വെല്ലുവിളിയാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. എന്നാൽ സ്‌കൂൾ തുറക്കുന്ന സമയത്ത് സമരം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.