കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ പാക് പൗരന്മാർക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കി ഹൈക്കോടതി. പാക് പൗരൻമാരായ ഇമ്രാൻ മുഹമ്മദ്, സഹോദരൻ അലി അസ്ഗർ എന്നിവർക്കെതിരെ എടുത്ത കേസാണ് റദ്ദാക്കിയത്. ഇവർ രാജ്യത്തെത്തിയത് വ്യക്തമായ രേഖകളോടെയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പാക് പൗരന്മാർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

അനധികൃതമായി രാജ്യത്ത് തങ്ങിയെന്ന പേരിലാണ് പാക് പൗരന്മാർക്കെതിരെ പോലീസ് കേസെടുത്തത്. എന്നാൽ പാക് പൗരൻമാർ ഇന്ത്യയിലേക്കെത്തിയത് വ്യക്തമായ യാത്രാരേഖകളോടെയാണെന്നും ഇവർക്ക് രാജ്യത്ത് തങ്ങാൻ അനുമതിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പാക് പാരൻമാർക്കെതിരെ കേസെടുത്ത നടപടി നിലനിൽക്കില്ല. മൂന്നു ദിവസത്തിനകം ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനാണ് നിർദേശം. ഇവർക്ക് തിരികെ പാകിസ്താനിലേക്ക് പോകാനും അനുമതി നൽകിയെന്നും കോടതി അറിയിച്ചു.

ചികിത്സയ്‌ക്കായി കേരളത്തിൽ എത്തിയ തങ്ങളെ കേസിൽ കുടുക്കിയെന്ന് ആരോപിച്ച് പാക് പൗരന്മാര് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിച്ചെന്ന കേസ് റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഓഗസ്റ്റ് 18 നാണ് സിംഗിൾ എൻട്രി മെഡിക്കൽ വിസയിൽ ഇരുവരും ചെന്നൈയിലെത്തിയത്. തുടർന്ന് അടുത്ത ദിവസം തന്നെ എറണാകുളം വാഴക്കാലയിലെ ആമ്രി റിഹാബ് ഇന്റർനാഷണലിൽ പ്രവേശിച്ചു. ഇവരുടെ രേഖകൾ ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നു എന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങൾ എത്തിയ വിവരം ആശുപത്രി അധികൃതർ എറണാകുളം സ്‌പെഷ്യൽ ബ്രാഞ്ച് പോലീസിൽ അറിയിച്ചിരുന്നുവെന്നും തുടർന്ന് ചികിത്സ കഴിഞ്ഞ ഷാർജ വഴി ലഹോറിലേക്ക് മടങ്ങാൻ ചെന്നൈ എയർപോർട്ടിലെത്തിയപ്പോൾ പോലീസ് തടഞ്ഞെന്നും പാക് പൗരന്മാർ പറഞ്ഞു. ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഇല്ലെന്ന് പറഞ്ഞാണ് ഇവരെ മടങ്ങിപ്പോകാൻ അനുവദിക്കാതിരുന്നത്.