റോം: ജയിലില്‍ പോകുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത് തന്നെ ഭയത്തോടെ കാണുന്നവരാണ് ഭൂരിഭാഗം ആളുകളും. ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നവരെ കഥാപാത്രമാക്കി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഇത്തരം ആളുകള്‍ അപൂര്‍വ്വമായിരിക്കും. ഭാര്യയില്‍ നിന്ന് മോചനം ലഭിക്കാന്‍ തന്നെ ജയിലിലേക്ക് അയക്കാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ച ഭര്‍ത്താവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഇറ്റലിയിലെ റോമിലാണ് സംഭവം. വീട്ടുതടങ്കലിലായ 30 കാരനാണ് ഭാര്യയില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെ ജയിലിലേക്ക് മാറ്റാന്‍ അഭ്യര്‍ത്ഥിച്ച്‌ പൊലീസിനെ സമീപിച്ചത്. ഭാര്യയോടൊന്നിച്ചുള്ള ജീവിതം സഹിക്കാന്‍ വയ്യ എന്നാണ് അല്‍ബേനിയന്‍ സ്വദേശിയായ യുവാവിന്റെ അഭ്യര്‍ത്ഥനയില്‍ പറയുന്നത്. ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജീവിക്കുന്നത് ഇനി തുടരാന്‍ സാധിക്കില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് യുവാവിനെ വീട്ടുതടങ്കലിലാക്കിയത്. ശിക്ഷാകാലാവധി തീരാന്‍ ഇനി ഏതാനും വര്‍ഷങ്ങള്‍ ബാക്കിയുണ്ട്. ഭാര്യയുടെ ശല്യം സഹിച്ച്‌ വീട്ടില്‍ നില്‍ക്കാന്‍ വയ്യ.ശിക്ഷ കാലാവധിയുടെ ശേഷിക്കുന്ന കാലം ജയിലില്‍ കഴിയാന്‍ തയ്യാറാണെന്നാണ് യുവാവിന്റെ അഭ്യര്‍ത്ഥനയില്‍ പറയുന്നത്.

‘ഗാര്‍ഹിക ജീവിതം മടുത്തു. ഇനിയും തുടരാന്‍ സാധിക്കില്ല. എന്നെ ജയിലേക്ക് അയക്കൂ’ – യുവാവിന്റെ പരാതിയില്‍ പറയുന്നു. വീട്ടുതടങ്കല്‍ ലംഘിച്ചതിന് യുവാവിനെ വീണ്ടും അറസ്റ്റ് ചെയ്തു. യുവാവിനെ ജയിലിലേക്ക് അയക്കാന്‍ കോടതി ഉത്തരവിട്ടു.