മുംബൈ: ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തമിഴ് ചിത്രം കൂഴങ്കല്‍ സമര്‍പ്പിക്കപ്പെട്ട് കഴിഞ്ഞു. എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള ഒരു ദേശഭക്തി ചിത്രത്തിന്റെ പേരില്‍ ഈ തിരഞ്ഞെടുപ്പ് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ചിത്രം തഴയപ്പെടാനുള്ള കാരണമാണ് ചര്‍ച്ചയായിരിക്കുന്നത്. വിക്കി കൗശല്‍ നായകനായ സര്‍ദാര്‍ ഉദ്ദം എന്തുകൊണ്ട് ഓസ്‌കര്‍ അവാര്‍ഡിന് അയക്കപ്പെട്ടില്ലെന്ന ചോദ്യമാണ് ഉയരുന്നത്. ഓസ്‌കറിനായി ഇന്ത്യയില്‍ നിന്നുള്ള 14 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ചിത്രമായിരുന്നു സര്‍ദാര്‍ ഉദ്ദം. എന്നാല്‍ ചിത്രത്തിന് ബ്രിട്ടീഷ് വിരുദ്ധത ഉണ്ടെന്ന് പറഞ്ഞാണ് ഓസ്‌കറിനായി പരിഗണിക്കാതിരുന്നതെന്ന് ജൂറി തന്നെ പറഞ്ഞിരിക്കുകയാണ്.

ഈ 14 ചിത്രങ്ങളില്‍ നിന്ന് കൂഴങ്കള്‍ എന്ന ചിത്രത്തിനാണ് ഓസ്‌കറിനായി അയക്കാനായി അര്‍ഹതയുണ്ടായിരുന്നതെന്ന് ജൂറി പറയുന്നു. പക്ഷേ സര്‍ദാര്‍ ഉദ്ദം തിരഞ്ഞെടുക്കാത്തതിന് കാരണമുണ്ടെന്ന് ജൂറി അംഗമായ ഇന്ദ്രദീപ് ദാസ്ഗുപ്ത പറയുന്നു. സര്‍ദാര്‍ ഉദ്ദം കുറച്ച്‌ ദൈര്‍ഘ്യമുള്ള ചിത്രമാണ്. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയെ കുറിച്ചാണ് ഈ ചിത്രം പറയുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഹീറോയായ സര്‍ദ്ദാര്‍ ഉദ്ദമിനെ കുറിച്ചുള്ള വലിയൊരു ചിത്രം നിര്‍മിക്കാനുള്ള സത്യസന്ധമായ ശ്രമമാണ് ഉണ്ടായത്. എന്നാല്‍ ഇതിനിടയില്‍ ആ ചിത്രത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള നമ്മുടെ വിദ്വേഷം നിറഞ്ഞ് കിടക്കുന്നുണ്ട്. ആഗോളവത്കരണത്തിന്റെ ഈ കാലത്ത്, ഇത്രയും വിദ്വേഷം നമ്മള്‍ പുലര്‍ത്തുന്നത് ശരിയല്ലെന്നും ഇന്ദ്രദീപ് പറഞ്ഞു.

മറ്റൊരു ജൂറി അംഗമായ സുമിത് ബസുവും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഒരുപാട് പേര്‍ സര്‍ദാര്‍ ഉദ്ദം അതിന്റെ സിനിമാറ്റിക് നിലവാരം കൊണ്ട് ഇഷ്ടപ്പെടുന്നുണ്ട്. മികച്ച ക്യാമറ, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍, ആ കാലഘട്ടത്തിന്റെ കൃത്യമായ വിവരണം എന്നിവ ആളുകള്‍ വല്ലാതെ ഇഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ദ്ദാര്‍ ഉദ്ദമിന്റെ ദൈര്‍ഘ്യം വളരെ കൂടുതലാണ്. വലിയ പ്രശ്‌നമാണ് ഇത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് വളരെ വൈകിയാണ് എത്തുന്നത്. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ വേദന പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കാന്‍ ഒരുപാട് സമയം ആ ചിത്രമെടുക്കുന്നുണ്ടെന്നും സുമിത് ബസു പറഞ്ഞു. ഈ രണ്ട് പ്രതികരണങ്ങളും വലിയ വിവാദമാവുകയും ചെയ്തു.

അതേസമയം ആരാധകര്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയത്. 2008ലെ ഹോളിവുഡ് ചിത്രം സ്ലംഡോഗ് മില്യണറുമായിട്ടാണ് സര്‍ദാര്‍ ഉദ്ദമിനെ ഒരുപാട് പേര്‍ താരമത്യം ചെയ്തത്. ഇന്ത്യയിലെ കുട്ടികള്‍ വിസര്‍ജ്യ കുഴിയില്‍ ചാടുന്നതും, അവരെ മോശക്കാരായി കാണിക്കുന്നതുമെല്ലാം സ്ലംഡോഗിലുണ്ട്. ഇന്ത്യക്കാരെ തെറ്റായി ചിത്രീകരിക്കുന്നതില്‍ പ്രശ്‌നമില്ല.എന്നാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ റിയലായ വിവരണം കാണിച്ചാല്‍ അത് പ്രശ്‌നമാണോ എന്നും ആരാധകര്‍ ചോദിക്കുന്നു. ഭഗത് സിംഗിന്റെയും ഉദ്ദം സിംഗിന്റെയും കഥ പറയുന്ന ചിത്രത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടമല്ലേ പറയുക, അല്ലാതെ ബ്രിട്ടീഷ് ഭരണത്തോടുള്ള സാഹോദര്യം കാണിക്കാന്‍ പറ്റുമോ എന്നും ആരാധകര്‍ ചോദിച്ചു.