ദുബായ്: മുതിര്‍ന്ന പൗരന്മാരോട് മോശമായി പെരുമാറിയാല്‍ കര്‍ശന ശിക്ഷ നല്‍കുമെന്ന മുന്നറിയിപ്പുമായി യുഎഇ. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് 50000 ദിര്‍ഹം പിഴയും തടവുമാണ് ശിക്ഷയായി നല്‍കുക. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്.

നിയമം അനുസരിച്ച്‌, 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള എമിറേറ്റികള്‍ക്ക് പൂര്‍ണ്ണമായ മെഡിക്കല്‍, സാമ്ബത്തിക, വിദ്യാഭ്യാസ സംരക്ഷണത്തിന് അര്‍ഹതയുണ്ട്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ പ്രത്യേക ഡാറ്റാ ബേസില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. വയോജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഫെഡറല്‍ നിയമം നമ്ബറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വയോജനങ്ങള്‍ക്ക് മാന്യമായ പാര്‍പ്പിടം നല്‍കണമെന്നും അക്രമത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും സംരക്ഷിക്കണമെന്നും നിയമം അനുശാസിക്കുന്നു. മുതിര്‍ന്ന പൗരന്മാരുടെ സ്വാതന്ത്ര്യം, സ്വകാര്യത, വിവരങ്ങളുടെ രഹസ്യസ്വഭാവം എന്നിവയ്ക്കുള്ള അവകാശങ്ങള്‍ കുടുംബങ്ങള്‍ അംഗീകരിക്കുകയും സാമ്ബത്തിക കാര്യങ്ങളില്‍ അവരെ സഹായിക്കുകയും വേണമെന്നും നിയമത്തില്‍ പറയുന്നുണ്ട്.