കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഒറ്റ്. ഫെല്ലിനി ടി പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒറ്റ് എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്യാറുണ്ട്. താന്‍ നായകനാകുന്ന ഒറ്റ് എന്ന ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ തുടങ്ങിയതായി അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍.

വാള്‍ ആര്‍ട്ട് എന്നെഴുതി ഫോട്ടോ പങ്കുവെച്ചാണ് ഫൈനല്‍ ഷെഡ്യൂളിന്റെ കാര്യം കുഞ്ചാക്കോ ബോബന്‍ അറിയിച്ചിരിക്കുന്നത്. ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഒറ്റിനുണ്ട്. 25 വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനവേളയില്‍ത്തന്നെ ഒറ്റ് ചര്‍ച്ചയായിരുന്നു. ഭരതന്‍റെ സംവിധാനത്തില്‍ 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ദേവരാഗത്തിലാണ് അരവിന്ദ് സ്വാമി ഇതിനുമുന്‍പ് മലയാളത്തില്‍ അഭിനയിച്ചത്.