ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ് 138 അടിയിലേക്ക്.നിലവില്‍ 137.55 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെടും.

ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തിലും യോഗം ചേരും.രാവിലെ പതിനൊന്നിന് വണ്ടിപ്പെരിയാറിലാണ് യോഗം. തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ഫയര്‍ഫോഴ്‌സ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച്‌ സംസ്ഥാന ജലവിഭവ വകുപ്പ് തമി‌ഴ്‌നാട് പൊതുമരാമത്ത് വകുപ്പിന് ഇന്നലെ കത്ത് നല്‍കിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടര്‍ തുറന്ന് നിയന്ത്രിത അളവില്‍ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. തുലാവര്‍ഷം എത്തുമ്ബോള്‍ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ സാദ്ധ്യതയുണ്ട്. അനിയന്ത്രിതമായ അളവില്‍ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.