കുവൈറ്റ് സിറ്റി > കുവൈത്തില്‍ 60 വയസ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയ തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക യേഗം ബുധനാഴ്ച. പബ്ലിക്ക് അതോറിറ്റി മാന്‍ പവര്‍ കമ്മറ്റിയുടെ സുപ്രധാന യോഗത്തിന് ശേഷം അറുപത് കഴിഞ്ഞ ഹൈസ്കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികള്‍ക്ക് റസിഡന്‍സി പുതുക്കി നല്‍കുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

250 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും ചുമത്തി തൊഴില്‍ അനുമതി പുതുക്കി നല്‍കാനുള്ള പുതിയ നിര്‍ദ്ദേശവും യോഗത്തിനു മുമ്ബാകെ വരുമെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിസ പുതുക്കി നല്‍കേണ്ടതില്ലെന്ന അതോറിറ്റിയുടെ തീരുമാനം കഴിഞ്ഞ ദിവസം ഫത്വ ലെജിസ്ലേറ്റീവ് സമിതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ ഗണത്തിലെ പ്രവാസികളുടെ വിസ പുതുക്കി നല്‍കുന്ന നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ബുധനാഴ്ച ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച്‌ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പബ്ലിക്ക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ കമ്മിറ്റി 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് റെസിഡന്‍സി പുതുക്കി നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. തീരുമാനത്തിന്റെ ഭാഗമായി ഇന്ത്യക്കാരടക്കമുള്ള നിരവധി പേര്‍ക്ക് വിസ പുതുക്കാന്‍ കഴിയാതെ തിരിച്ചു പോകേണ്ടിവന്നിരുന്നു.