തിരുവനന്തപുരം: കൊറോണ ഉണ്ടാക്കിയ നീണ്ട ഇടവളയ്‌ക്ക് ശേഷം സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളടക്കമുള്ള കലാലയങ്ങള്‍ ഇന്ന് തുറക്കും. 18 വയസ്സ് തികയാത്തവര്‍ക്കും ക്ലാസുകളില്‍ പ്രവേശിക്കാം എന്നാല്‍ മാതാപിതാക്കള്‍ വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച തുറക്കാനിരുന്ന ക്ലാസുകള്‍ തീവ്രമഴ കാരണമാണ് മാറ്റിവെച്ചത്.
കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. സമയക്രമത്തിന്റെ കാര്യത്തിലും ഷിഫ്റ്റുകളുടെ കാര്യത്തിലും നിര്‍ദ്ദേശങ്ങള്‍ നേരത്തെ നല്‍കിയിരുന്നു.

കൊറോണ പ്രോട്ടോക്കോള്‍ ലംഘിക്കപ്പെടാത്തവിധം സൗകര്യപ്രദമായ തീരുമാനം അതാത് സ്ഥാപനങ്ങള്‍ക്കെടുക്കാം. എന്നാല്‍, വാക്‌സിനേഷന്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച വരുത്തരുതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

കോളേജുകളില്‍ എല്ലാവിധ മുന്‍ കരുതലുകളും ഉണ്ടായിരിക്കണം. ആവശ്യാനുസരണം ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മുഖാവരണങ്ങള്‍, തെര്‍മല്‍ സ്‌കാനറുകള്‍ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണം. പതിനെട്ട് വയസ്സ് തികയാത്തതുകൊണ്ട് വാക്‌സിനെടുക്കാന്‍ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്‌സിനെടുത്ത് രണ്ടാം ഡോസിന് സമയമാകാത്തവരെയും ക്ലാസില്‍ പ്രവേശിപ്പിക്കണം.

അതേസമയം, ഇവരുടെ വീടുകളിലെ പതിനെട്ട് തികഞ്ഞവരെല്ലാം ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.