പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെതിരെ ദത്ത് നൽകിയ സംഭവത്തിൽ കോടതി വിധി ഇന്ന്. തിരുവനന്തപുരം കുടുംബ കോടതി ആണ് കേസ് പരിഗണിക്കുന്നത്.

കുഞ്ഞിന്റെ അവകാശവാദവുമായി അമ്മ എത്തിയ വിവരം സർക്കാർ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ദത്തെടുപ്പ് നടപടികൾ നിർത്തിവക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ വിധി വന്നതിന് ശേഷം ആവശ്യമെങ്കിൽ കേസിൽ ഹൈക്കോടതിയെ സമീപിക്കാനും കുഞ്ഞിന്റെ അമ്മ അനുപമ ആലോചിക്കുന്നുണ്ട്.

അതേസമയം, സംഭവത്തിൽ ഷിജു ഖാനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് വനിതാ ശിശുവികസന ഡയറക്ടർ. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് ഷിജു ഖാൻ.

എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ഷിജുഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വിഷയത്തിലും വിശദീകരണം നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളായതിനാൽ ഇപ്പോൾ ഒന്നു പറയാനില്ലെന്നും ഷിജു ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഷിജുഖാനെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനും പാ!ർട്ടിയിൽ തരംതാഴ്ത്താനുമാണ് സാധ്യത.

പൂജപ്പുരയിലുള്ള വനിതാ ശിശുവികസന ഡയറക്ടറുടെ ഓഫീസിലെത്തിയ ഷിജു ഖാന്റെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. വ്യാജ രേഖകളുണ്ടാക്കി താൻ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്നും പൊലീസിലടക്കം പരാതിപ്പെട്ടിട്ടും, അത് വകവെക്കാതെ ദത്ത് നടപടികൾ മനപ്പൂർവ്വം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം. ഇതിൽ ഷിജു ഖാനെതിരെയും ആരോപണം ഉയർന്നിരുന്നു.