വടക്കന്‍ കേരളത്തിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നു. കണ്ണൂര്‍ ആറളം വഞ്ചിയം വനമേഖലയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായതായി സംശയം. വഞ്ചിയം പയ്യാവൂര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെയാണ് ഉരുള്‍പൊട്ടിയെന്ന സംശയം നാട്ടുകാര്‍ അധികൃതരെ അറിയിച്ചത്. അപകടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മുക്കോലി, മന്ദംപോട്ടി, ചപ്പാത്ത് മേഖലകളില്‍ വെള്ളം കരകവിഞ്ഞതിനാല്‍ ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലും കനത്തമഴ തുടരുന്നു. മലപ്പുറം കരുവാരകുണ്ട് ഒലിപ്പുഴയില്‍ മലവെള്ളപാച്ചിലുണ്ടായി. കേരള എസ്റ്റേറ്റ് അതിര്‍ത്തിയില്‍ മണ്ണും പുഴയിലേക്ക് ഇടിഞ്ഞു.

പുഴയുടെ സമീപത്തു താമസിക്കുന്നവരെ നേരത്തെ തന്നെ അപകട ഭീഷണിയെ തുടര്‍ന്ന് മാറ്റിയിരുന്നു. മലപ്പുറം ജില്ലയിലെ മലയോര മേഖലകളായ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, ആല്‍ത്തലകുന്ന് പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ട്.