കൊച്ചി : അതിതീവ്ര മഴയും മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച്‌ ആശങ്ക ഉയരുന്നു . മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉടന്‍ വേണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയിലും സജീവമാവുകയാണ്.സിനിമാ നടന്‍ ഹരീഷ് പേരടിയും ഇതുമായി ബന്ധപ്പെട്ട കുറിപ്പ് ഫേസ്ബുക്കില്‍ പങ്ക് വച്ചു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന് 2019-ല്‍ മുഖ്യമന്ത്രി പിണറായി പറഞ്ഞ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടടക്കമാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് .

‘ കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്..പക്ഷെ നിര്‍മ്മാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്.പാലാരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ പറയുകയാണ്.തമിഴ്നാട് ആവുമ്ബോള്‍ അവര്‍ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാം.അല്ലെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും.’ ഇത്തരത്തിലാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് .

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്‌ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങള്‍ മൂലം അണക്കെട്ടില്‍ വിള്ളലുകളുണ്ടായിട്ടുണ്ട്. അണക്കെട്ടിലെ ചോര്‍ച്ചയും ആശങ്കയുണ്ടാക്കുന്നു. 125 വര്‍ഷം മുന്‍പ് നിര്‍മാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിര്‍മാണച്ചട്ടങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കാലഹരണപ്പെട്ടതാണ്. അണക്കെട്ടു തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.