ഇന്നൊരുഗ്രന്‍ നാലുമണിപ്പലഹാരം പരിചയപ്പെടുത്താം.നമ്മള്‍ വെറുതെ കളയാറുള്ള പല ആഹാര വസ്തുക്കളും ഏറെ ഗുണപ്രദവും, ആരോഗ്യപ്രദവുമാണ്. നിത്യേനെ നമ്മള്‍ ഭക്ഷണത്തിനായി ഉരുളക്കിഴങ്ങ് തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ വെറുതെ കളയാറുള്ള ഉരുളക്കിഴങ്ങിന്റെ തൊലി കൊണ്ട് അടിപൊളിയൊരു നാലുമണിപ്പലഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന് എത്രപേര്‍ക്കറിയാം? അറിയാന്‍ വഴി കുറവാണല്ലേ..

അപ്പോപ്പിന്നെ നമുക്ക് പലഹാരത്തിലേക്ക് കടക്കാം. ഉരുളക്കിഴങ്ങിന്റെ തൊലി കൊണ്ട് ചിപ്‌സ് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. മിക്കവരും ഇത് കേട്ടിരിക്കാന്‍ സാധ്യതയില്ല. തയ്യാറാക്കാന്‍ വളരെ എളുപ്പമുള്ളതും അതേസമയം രുചികരവുമാണിത്.

വൈറ്റമിന്‍-സി, വൈറ്റമിന്‍-ബി, അയേണ്‍, കാത്സ്യം, പൊട്ടാസ്യം തുടങ്ങി ശരീരത്തിന് വേണ്ട പല അവശ്യഘടകങ്ങളുടെയും സ്രോതസാണ് ഉരുളക്കിഴങ്ങ് തൊലി. ബിപി നിയന്ത്രിക്കാനും ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പരിരക്ഷിക്കാനുമെല്ലാം ഇത് സഹായകമാണ്. അതിനാല്‍ തന്നെ കേവലം സ്‌നാക്‌സ് എന്നതില്‍ കവിഞ്ഞ് ആരോഗ്യഗുണങ്ങളുള്ള വിഭവമായും ഇതിനെ പരിഗണിക്കാം.

വേണ്ട ചേരുവകള്‍

ഉരുളക്കിഴങ്ങ് തൊലി
ഒലിവ് ഓയില്‍
ഉപ്പ്
മുളകുപൊടി
കുരുമുളക് പൊടി
ഒറിഗാനോ
പെരി-പെരി സീസണിംഗ്

തയാറാക്കേണ്ട വിധം

ആദ്യം ഉരുളക്കിഴങ്ങ് തൊലി കഴുകി വൃത്തിയാക്കിയെടുക്കണം. ഇതിലേക്ക് അല്‍പം ഒലിവ് ഓയില്‍ സ്പ്രേ ചെയ്ത ശേഷം ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നത് വരെ ഒന്ന് ബേക്ക് ചെയ്‌തെടുക്കാം. ഇനി ഇതിലേക്ക് ഉപ്പ്, മുളകുപൊടി, കുരുമുളക് പൊടി, ഒറിഗാനോ, പെരി-പെരി സീസണിംഗ് എല്ലാം ചേര്‍ത്ത് ഇളക്കിയെടുക്കാം. ഉരുളക്കിഴങ്ങ് തൊലി കൊണ്ടുള്ള അടിപൊളി ചിപ്‌സ് തയ്യാര്‍.