ഐസിസിയുടെ ടി20 ലോകകപ്പിലെ മരണഗ്രൂപ്പായ ഒന്നിലെ ആദ്യ റൗണ്ടിലെ അവസാന മല്‍സരത്തില്‍ വിജയത്തോടെ തുടങ്ങാനുറച്ചാണ് ഏഷ്യയില്‍ നിന്നുള്ള ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടുന്നത്. യോഗ്യതാ റൗണ്ട് കളിച്ച്‌ സൂപ്പര്‍ 12ലെത്തിയ ടീമുകള്‍ കൂടിയാണ് ഇരുവരും. യോഗ്യതാ റൗണ്ടില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച്‌ ഒന്നാംസ്ഥാനക്കാരായാണ് മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ദസുന്‍ ഷനകയുടെ ലങ്കന്‍ ടീമിന്റെ വരവ്. ബംഗ്ലാദേശാവട്ടെ അപ്രതീക്ഷിത തോല്‍വിയോടെയാണ് യോഗ്യതാ റൗണ്ടില്‍ തുടങ്ങിയത്. സ്‌കോട്ട്‌ലാന്‍ഡായിരുന്നു മഹമ്മുദുള്ള നയിച്ച ബംഗ്ലാ കടുവകളെ ഞെട്ടിച്ചത്. എന്നാല്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച്‌ ബംഗ്ലാദേശ് സൂപ്പര്‍ 12ല്‍ കടക്കുകയായിരുന്നു.

മരണഗ്രൂപ്പായ ഒന്നില്‍ ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളെ സംബന്ധിച്ച്‌ ഏറ്റവും എളുപ്പമുള്ള മല്‍സരം കൂടിയാണ് ഇന്നത്തേത്. കാരണം വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു എതിരാളികള്‍. അതുകൊണ്ടു തന്നെ വിജയത്തോടെ തുടങ്ങാനുറച്ചാവും ലങ്കയും ബംഗ്ലാദേശും ഈ മല്‍സരത്തില്‍ ഇറങ്ങുന്നത്.

ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ബംഗ്ലാദേശിനെതിരേ ലങ്കയ്ക്കാണ് മുന്‍തൂക്കം. 11 തവണ ടി20യില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴിലും ജയം ലങ്കയ്ക്കായിരുന്നു. നാലു കളികളിലാണ് ബംഗ്ലാദേശിനു വിജയിക്കാനായത്. ടി20 ലോകകപ്പില്‍ നേരത്തേ ഒരു തവണ മാത്രമേ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടുള്ളൂ. അന്നു വിജയം ലങ്കയ്ക്കായിരുന്നു.

സാധ്യതാ ഇലവന്‍

ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ പെരേര (വിക്കറ്റ് കീപ്പര്‍), ചരിത് അസലന്‍ക, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്ഷ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ/ അഖില ധനഞ്ജയ, ലഹിരു കുമാര.

ബംഗ്ലാദേശ്- മുഹമ്മദ് നയീം, ലിറ്റണ്‍ ദാസ്, മെഹ്ദി ഹസന്‍, ഷാക്വിബുല്‍ ഹസന്‍, നൂറുല്‍ ഹസന്‍ (വിക്കറ്റ് കീപ്പര്‍), അഫീഫ് ഹൊസെയ്ന്‍, മഹമ്മുദുള്ള (ക്യാപ്റ്റന്‍), മുഷ്ഫിഖുര്‍ റഹീം, മുഹമ്മദ് സയ്ഫുദ്ദീന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.