ആര്യന്‍ഖാന്‍ കേസില്‍ എന്‍സിബി സാക്ഷിയാക്കിയ ആളുടെ വെളിപ്പെടുത്തല്‍ എന്‍സിബിയ്ക്ക് കുരുക്കാകുന്നു. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന് സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ ആരോപിച്ചു. സമീര്‍ വാങ്കഡെയുടെ ഭീഷണി തനിക്കുണ്ടെന്നും പ്രഭാക‍ര്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങളെല്ലാം തള്ളുകയാണ് എന്‍സിബി.

25 കോടി ചോദിക്കാം, 18 കിട്ടും. അതില്‍ 8 സമീര്‍ വാംഗഡെയ്ക്ക് നല്‍കാം എന്നതായിരുന്നു സംസാരം. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരണ്‍ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്‍റെ മാനേജരെ കണ്ടു. കിരണ്‍ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യന്‍ഖാനെകൊണ്ട് ഫോണില്‍ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകര്‍ പുറത്ത് വിട്ടു.

കപ്പലില്‍ നടന്ന റെയ്ഡില്‍ താന്‍ സാക്ഷിയല്ല. എന്‍സിബി ഓഫീസില്‍ വച്ച്‌ സമീര്‍ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളില്‍ ഒപ്പിടീച്ച്‌ സാക്ഷിയാക്കുകയായിരുന്നെന്നാണ് പ്രഭാകര്‍ സെയ്‍ലിന്‍റെ വെളിപ്പെടുത്തല്‍. എന്‍സിബി ഓഫീസിനകത്ത് വച്ച്‌ കിരണ്‍ ഗോസാവിയെന്ന തന്‍റെ ബോസ് വലിയ അധികാരത്തോടെയാണ് പെരുമാറിയിരുന്നത്.

ആര്യന്‍ഖാനെ കൊണ്ട് ഇയാള്‍ ആരെയൊക്കെയോ ഫോണില്‍ വിളിപ്പിക്കുന്നതിന്‍റെ വീഡിയോ ആണിത്. അറസ്റ്റിന് പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഈ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജരെ കാണാന്‍ പോയി. പോവുന്നതിനിടയ്ക്ക് കാറില്‍ വച്ച്‌ സാം ഡിസൂസയെന്നൊരാളുമായി കിട്ടാന്‍ പോവുന്ന പണത്തെക്കുറിച്ച്‌ സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകര്‍ പറയുന്നു.

25 കോടി ചോദിക്കാം, 18 കിട്ടും. അതില്‍ 8 സമീര്‍ വാംഗഡെയ്ക്ക് നല്‍കാം എന്നതായിരുന്നു സംസാരം. പിന്നെയൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തു. എന്നാല്‍ തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രതിയായ ഗോവാസി ലുക്കൗട്ട് നോട്ടീസ് ഇറങ്ങിയതിന് പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു.