പാകിസ്താനെതിരായ ടി-20 ലോകകപ്പ് മത്സരത്തിൽ വിജയം ഇന്ത്യക്ക് തന്നെയെന്ന് ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. ടീമിൽ പൂർണ വിശ്വാസമുണ്ടെന്നും ഒന്നും ഇന്ത്യയുടെ പ്രകടനത്തെ മോശമായി സ്വാധീനിക്കില്ലെന്നും ഗംഭീർ പറഞ്ഞു. ടൈംസ് നൗ ആണ് ഗംഭീറിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ഇന്ത്യക്ക് എൻ്റെ ആശംസകൾ. ഇതുവരെ അവർ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അവർ ഉറപ്പായും വിജയിക്കും. എനിക്ക് അവരിൽ പൂർണ വിശ്വാസമുണ്ട്. ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. ഒന്നും അവരുടെ പ്രകടനത്തെ മോശമായി ബാധിക്കില്ല. ടീം നന്നായി കളിച്ച് വിജയിക്കും.”- ഗംഭീർ പറഞ്ഞു.

അതേസമയം, ടി-20 ലോകകപ്പിൽ ഇന്ത്യയെ കീഴ്പ്പെടുത്തിയാൽ പാകിസ്താൻ ടീമിനെ കാത്തിരിക്കുന്നത് വമ്പൻ ബോണസാണ്. മാച്ച് ഫീയുടെ 50 ശതമാനമാണ് ടീമിനു ബോണസായി ലഭിക്കുക. നിലവിൽ 3,38,250 പാകിസ്താൻ രൂപയാണ് പാകിസ്താൻ ടീമിനു ലഭിക്കുന്ന മാച്ച് ഫീ. ഇതിൻ്റെ 50 ശതമാനം തുക കൂടിച്ചേർത്ത് 5 ലക്ഷം രൂപയ്ക്ക് മുകളിൽ തുക പാക് താരങ്ങൾക്ക് മത്സരം ജയിച്ചാൽ ലഭിക്കും. ഇംഗ്ലണ്ടിനെതിരെ വിജയിച്ചാലും ഇതേ ബോണസ് അവർക്ക് ലഭിക്കും.

ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്താൻ ഗ്ലാമർ പോരാട്ടം നടക്കുക. ലോകകപ്പുകളിൽ ഇതുവരെ പാകിസ്താനോട് പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോർഡ് തുടരാൻ ഇന്ത്യ ഇറങ്ങുമ്പോൾ ആദ്യ ജയം തേടിയാണ് പാകിസ്താൻ ഇറങ്ങുക.

ടി-20 ലോകകപ്പുകളിൽ ആകെ അഞ്ച് തവണയാണ് പാകിസ്താനും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ചിൽ അഞ്ചും ഇന്ത്യ ജയിച്ചു. അതിൽ ഒരു ബോളൗട്ടും പെടും. കടലാസിലെങ്കിലും അന്നത്തെ ടീമിനെക്കാളൊക്കെ കരുത്തുറ്റ ടീമാണ് ഇന്ത്യ. മറുവശത്ത് ഇന്ത്യയോളം ഡോമിനേറ്റ് ആയ ടീം അല്ലെങ്കിലും ഒരു കളക്ടീവ് യൂണിറ്റ് എന്ന നിലയിൽ പാകിസ്താൻ അപകടകാരികളാണ്. വിഭവങ്ങൾ പരിഗണിക്കുമ്പോൾ ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം. പക്ഷേ, ഒരു ഓവർ കൊണ്ടോ ഒരു വിക്കറ്റ് കൊണ്ടോ മാറിമറിയാവുന്ന ടി-20യിൽ കാര്യങ്ങൾ എല്ലായ്പ്പോഴും അത്ര എളുപ്പമല്ല.