തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴിയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷത്തിന്റെ മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി നാളെ മുതല്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 26: പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്.
  • ഒക്ടോബര്‍ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • ഒക്ടോബര്‍ 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
  • ഒക്ടോബര്‍ 27: കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

ഇന്നലെ കോട്ടയം, പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചു. പത്തനംതിട്ടയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടിയത്. സീതത്തോട് കൊട്ടമണ്‍പാറയിലും ആങ്ങമുഴി തേവര്‍മല വനത്തിലുമാണ് ഉരുള്‍പൊട്ടിയത്. കോട്ടയത്തിന്റെ കിഴക്കന്‍ മലയോര മേഖലകളിലും മഴ ശക്തമായിരുന്നു. മുണ്ടക്കയം അസംബനിയിലും എരുമേലി ചര്‍ളിയിലും ഉരുള്‍പൊട്ടി.

സംസ്ഥാനത്ത് ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊന്‍മുടി, കുണ്ടള, കല്ലര്‍കുട്ടി, ലോവര്‍ പെരിയാര്‍ (ഇടുക്കി), കക്കി ആനത്തോട് (പത്തനംതിട്ട), ഷോളയാര്‍ (തൃശൂര്‍) എന്നീ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ യെല്ലോ അലര്‍ട്ടാണ്. ഇടുക്കി, മാട്ടുപ്പെട്ടി (ഇടുക്കി), പെരിങ്ങല്‍കുത്ത് അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലെത്തിയതിനാല്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് തമിഴ്നാടിന്റെ ആദ്യ മുന്നറിയിപ്പ് ലഭിച്ചതെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു.140 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കുകയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്യും. 142 അടിയാണ് ഡാമിന്റെ അനുവദനീയമായ സംഭരണ ശേഷി