വാലിമൈ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തീകരിച്ചതിന് പിന്നാലെ ബൈക്ക് ട്രിപ്പിലാണ് തല അജിത്ത്. വടക്കേ ഇന്ത്യയിലൂടെ ചുറ്റിയടിക്കുന്ന അജിത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

നിർമാതാവ് ബോണി കപൂർ ഉൾപ്പെടെ അജിത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചു. ഹിന്ദി ചിത്രമായ പിങ്കിന്റെ തമിഴ് റീമേക്കായി ‘നേർകൊണ്ട പാർവൈ’ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് വാലിമൈ.

വാഗാ ബോർഡർ, ഡൽിഹി തുടങ്ങി നിരവധി സ്ഥലങ്ങൾ ഇതിനോടകം അജിത്ത് സന്ദർശിച്ചു. ബിഎംഡബ്ല്യുവിന്റെ ആർ 1200 ജിഎസ് സ്‌പോർട്ട്‌സ് ബൈക്കിലാണ് താരത്തിന്റെ സഞ്ചാരം.

നടൻ എന്നതിലുപരി ഒരു റേസർ ആകാനായിരുന്നു അജിത്തിന്റെ ആഗ്രഹം. കാർ റേസർ ട്രെയ്‌നിംഗിനുള്ള പണം സമ്പാദിക്കാനാണ് അജിത്ത് മോഡലിംഗ് ആരംഭിച്ചത്. 1993 ൽ പുറത്തിറങ്ങിയ അമരാവതി എന്ന ആദ്യ ചിത്രത്തിന് ശേഷവും റേസിംഗിൽ തന്നെയായിരുന്നു അജിത്തിന്റെ ശ്രദ്ധ.

എന്നാൽ നടുവിന് സംഭവിച്ച ഗുരുതര പരുക്കിനെ തുടർന്ന് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അന്താരാഷ്ട്ര റേസിംഗിൽ ഉൾപ്പെടെ താരം പങ്കെടുത്തിട്ടുണ്ട്.