ന്യൂയോർക്ക് ∙ സെപ്തംബർ 30ന് അവസാനിച്ച 2021ലെ സാമ്പത്തിക വർഷത്തിൽ 17 ലക്ഷം അനധികൃത കുടിയേറ്റക്കാരെ യുഎസ് ബോർഡർ പെട്രോൾ തടഞ്ഞു വയ്ക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തുവെന്ന് റിപ്പോർട്ട്. ഇതൊരു റെക്കോർഡാണ്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പെട്രോൾ നൽകിയ വിവരമാണിത്. കഴിഞ്ഞ വർഷം അതിർത്തി കടക്കുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ തുടങ്ങി. ജോ ബൈഡൻ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ഈ വർധന വീണ്ടും ഉയർന്നു. ഇക്കഴിഞ്ഞ വസന്തത്തിൽ അറസ്റ്റുകൾ ക്രമാതീതം വർധിച്ചപ്പോൾ ഈ വർധന ചരിത്രപരമായി തന്നെ സംഭവിക്കുന്നതാണെന്ന് ബൈഡൻ പറഞ്ഞിരുന്നു. എന്നാൽ ഏറ്റവുമധികം അതിർത്തി കടന്ന് യുഎസിൽ എത്തുവാനുള്ള ശ്രമങ്ങൾ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഉണ്ടായത്. ഇങ്ങനെ കടന്നുവരാൻ ശ്രമിച്ച 2 ലക്ഷത്തിലധികം പേരെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് റിപ്പോർട്ട്.

ബൈഡൻ ടുസോൺ പൊലീസ് ചീഫായ ക്രിസ് മാഗ്‌നസിനെ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ ഫോഴ്സ് തലവനായി നോമിനേറ്റ് ചെയ്തു. മാഗ്‌നസിനെ സ്ഥിരപ്പെടുത്തുവാനുള്ള വിചാരണ വേളയിൽ റിപ്പബ്ലിക്കൻ സെനറ്റർമാർ കുടിയേറ്റ ശ്രമങ്ങളുടെ വർധന ഒരു ആപൽഘട്ടമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതൊരു വലിയ വെല്ലുവിളിയാണെന്ന് മാഗ്‌നസ് വിശേഷിപ്പിച്ചു. ബൈഡൻ ഭരണകൂടം സ്ഥിരം പ്രകടിപ്പിക്കാറുള്ള നമ്പേഴ്സ് ആർ വെരി ഹൈ പ്രതികരണവും നടത്തി. 2021 സാമ്പത്തിക വർഷത്തിലെ വിശദമായ കണക്കുകൾ ബോർഡർ പ്രൊട്ടക്‌ഷൻ അടുത്ത് തന്നെ പുറത്തിറക്കും.

അതിർത്തി സംരക്ഷണം ബൈഡന് ഒരു വലിയ തലവേദനയായി മാറുകയാണ് എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. അഭിപ്രായ സർവേകളിൽ ബൈഡന്റെ റേറ്റിംഗ് കുറയ്ക്കുന്ന പ്രധാന ഘടകവും അതിർത്തിയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ തൃപ്തികരമല്ലാത്ത പ്രകടനമാണ്. മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നയങ്ങൾക്ക് കടകവിരുദ്ധമായി കുടിയേറ്റക്കാരെ താൻ സ്വാഗതം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ബൈഡൻ വാഗ്ദാനം നൽകിയിരുന്നു.

ട്രംപിന്റെ സിറോ ടോളറൻസ് നയത്തിൽ കുടുംബങ്ങൾ ശിഥിലമാക്കപ്പെടുന്നു എന്ന വിവാദം തണുപ്പിക്കുവാനും തനിക്ക് പിന്തുണ നേടുവാനുമാണ് ബൈഡൻ ഈ വാഗ്ദാനം നൽകിയതെന്ന് അന്നേ വിമർശനം ഉയർന്നിരുന്നു. വാഗ്ദാനം നടപ്പിലാക്കാൻ കഴിയുകയില്ല എന്ന് ബൈഡന് അറിയാമായിരുന്നു. ഭരണത്തിലെത്തിയപ്പോൾ യുഎസ് – മെക്സിക്കോ അതിർത്തി മതിൽ നിർമ്മാണം ബൈഡൻ നിർത്തി വയ്പിച്ചു. ട്രംപിന്റെ റിമെയൻ ഇൻ മെക്സിക്കോ നയവും റദ്ദു ചെയ്തു നാട് കടത്തുന്ന നിയമത്തിന് നൂറ് ദിവസത്തെ താൽകാലിക നിലനിൽപ്പ് ഇല്ലായ്മയും ഏർപ്പെടുത്തി. എന്നാൽ ഫലത്തിൽ ഇപ്പോൾ ഈ സ്റ്റേ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. കസ്റ്റഡിയിൽ എടുക്കുന്ന കുടിയേറ്റക്കാരെ അവരുടെ ഓരോരുത്തരുടെയും കാര്യത്തിൽ തീരുമാനം എടുക്കുന്നതുവരെ മെക്സിക്കോയുടെ വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്.

അഭയം ആവശ്യപ്പെട്ട കുടിയേറ്റക്കാരിൽ അനുകൂല തീരുമാനം ഉണ്ടാകുന്നവരെ യുഎസിലേയ്ക്കു കടത്തി വിടുകയും അപേക്ഷ നിരസിച്ചവരെ അവരുടെ നാടുകളിലേയ്ക്കു തിരിച്ചയ്ക്കുകയുമാണ് ചെയ്യുന്നത്. ഈ നടപടി മൂലവും കുടുംബങ്ങൾ ശിഥിലമാക്കപ്പെടുന്നുണ്ട്. ബൈഡൻ അധികാരമേറ്റതിനുശേഷമുള്ള ആദ്യത്തെ ഒൻപത് മാസങ്ങളിൽ 13 ലക്ഷം കുടിയേറ്റക്കാരെയാണ് കസ്റ്റഡിയിൽ എടുത്തത്. 2012ലും 2020ലും ഇതേ കാലയളവിൽ ശരാശരി 5,40,000 പേരെ മാത്രമേ കസ്റ്റഡിൽ എടുത്തുള്ളൂ. ഇപ്പോഴത്തെ (2021 ലെ) കണക്ക് ഇതിന്റെ മൂന്നിരട്ടിയിൽ അധികമാണ്.

2021ലെ അറസ്റ്റുകളിൽ 3,67,000 കുടിയേറ്റക്കാർ ഹെയ്തി, വെനീസ്വല, ജക്വഡോർ, ക്യൂബ, ബ്രസീൽ എന്നുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബാക്കി ഹോണ്ടുരാസ് –3,0900, ഗ്വോട്ടിമാല–,2,79,000, അൽ സാൽവഡോർ –96,000 എന്നിവടങ്ങളിൽ നിന്നുള്ളവരും ശേഷിച്ച ഏതാണ്ട് 7 ലക്ഷം പേർ മെക്സിക്കോയിൽ നിന്നുള്ളവരുമാണ്.

യുഎസ്– മെക്സിക്കോ അതിർത്തിയിലെ കുടിയേറ്റം ഇപ്പോൾ ഗ്ലോബൽ ആയിരിക്കുകയാണെന്ന് ഒരു സ്വതന്ത്ര ഇമിഗ്രേഷൻ കൺസൽട്ടന്റായ ക്രിസ് റേമൺ പറഞ്ഞു. അസാധാരണമായ കുടിയേറ്റ ശ്രമങ്ങളുടെ ബാഹുല്യം ഭരണകൂടത്തിന് പല ആപൽസന്ധികളും സൃഷ്ടിച്ചിരിക്കുകയാണ്. കൂട്ടിന് ആരും ഇല്ലാതെ എത്തുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ എണ്ണം വളരെയധികം വർധിച്ചു. ഇവരെ ബോർഡർ പെട്രോൾ ടെന്റുകളിൽ കുത്തിനിറയേണ്ടിവന്നു.

അതിർത്തി കടന്നെത്തുന്ന മധ്യ അമേരിക്കൻ കുടുംബ സംഘങ്ങൾ വേനലിൽ യുഎസ് ഏജന്റുമാരെ അത്ഭുതപ്പെടുത്തി. സെപ്തംബറിൽ എത്തിയ 15,000 പേരിൽ കൂടുതലും ഹെയ്തിക്കാരായിരുന്നു. ഇവരെ തയാറാക്കിയിട്ടില്ലാത്ത ഒരു ഡെൽ റിയോ ക്യാംപിലേയ്ക്കു നീക്കിയത് ഏറെ കുഴപ്പങ്ങൾക്കും തീരെ പരുക്കമായ അധികൃതരുടെ പെരുമാറ്റത്തിനും കാരണമായി. ബോർഡർ പെട്രോൾ ഏജന്റുമാർ കുതിരപുറത്തെത്തി അച്ചടക്ക പാലനത്തിന് ശ്രമിച്ചത് രൂക്ഷമായ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു.