നവാഗതനായ പി.എസ് വിനോത്‌രാജ് സംവിധാനം ചെയ്‌ത ‘കൂഴങ്കല്‍’ എന്ന ചിത്രം 2022ലെ ഓസ്‌കാറിലെ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നയന്‍താരയും വിഘ്‌നേഷ് ശിവന്റെയും നിര്‍മ്മാണ കമ്ബനി റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രമാണ് കൂഴങ്കല്‍. വിഘ്‌നേഷ് ശിവന്‍ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. നെതര്‍ലാന്റില്‍ നടന്ന അന്‍പതാമത് റോട്ടെര്‍ഡാം ടൈഗര്‍ പുരസ്‌കാരം നേടിയ ചിത്രമാണ് കൂഴങ്കല്‍.

 

 

ചെല്ലപാണ്ടി, കറുത്തടൈയന്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മദ്യത്തിന് അടിമയായ ഒരു അച്ഛന്റെയും അയാളുടെ മകന്റെയും ജീവിതമാണ് ചിത്രത്തിന്റെ കഥ. പിണങ്ങിപ്പോയ ഭാര്യയുടെ വിശ്വാസം ഇവര്‍ എങ്ങനെ തിരികെ നേടുന്നുവെന്നതാണ് കഥാതന്തു.

 

 

മലയാള ചിത്രമായ നായാട്ട് ഉള്‍പ്പടെ 14 ചിത്രങ്ങളാണ് ഒഫീഷ്യല്‍ ഓസ്‌കാര്‍ എന്‍ട്രിയായി ഷോര്‍ട്‌ലിസ്‌റ്റ് ചെയ്‌തത്. ഷാജി.എന്‍ കരുണ്‍ അദ്ധ്യക്ഷനായ 15 അംഗ സെലക്ഷന്‍ കമ്മി‌റ്റി ഈ ചിത്രങ്ങള്‍ കണ്ട് വിലയിരുത്തിയതിനൊടുവിലാണ് ‘കൂഴങ്കല്‍’ തിരഞ്ഞെടുത്തത്.