കുവൈത്ത്; കുവൈത്തില്‍ അനധികൃത താമസക്കാരെ പിടികൂടാനുള്ള പരിശോധനകള്‍ തുടരുന്നു.താമസകാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം ഹവല്ലിയില്‍ വ്യാപക പരിശോധനയാണ് നടന്നത്. ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്ന ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ ചില പ്രവാസികള്‍ ഇത്തരം ഓഫീസുകളില്‍ താമസിപ്പിച്ച ശേഷം, മണിക്കൂര്‍ അടിസ്ഥാനത്തിലും ദിവസ വേതന അടിസ്ഥാനത്തിലും ജോലിക്ക് നിയമിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. ഇരുപതിലധികം ഓഫീസുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം അറുപത് പേരെ അറസ്റ്റ് ചെയ്‍തു.