വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നിരവധി ദൂഷ്യഫലങ്ങളെക്കുറിച്ച്‌ നിരവധി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്ന വിവരം കാലാവസ്ഥാ വ്യതിയാനം ഇതുപോലെ തുടര്‍ന്നാല്‍ ഇന്ത്യയടക്കം 11 രാജ്യങ്ങള്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്.

കാലാവസ്ഥാ വ്യതിയാനം ദേശിയ സുരക്ഷയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന വിഷയത്തില്‍ അമേരിക്കയിലെ 18 രഹസ്യാന്വേഷണ ശൃംഖലയിലെ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. അടുത്ത മാസം ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ഉത്തര കൊറിയ,​ മ്യാന്‍മര്‍,അഫ്ഗാനിസ്ഥാന്‍, ഇറാഖ്, എന്നീ ആറ് ഏഷ്യന്‍ രാജ്യങ്ങളും മദ്ധ്യ അമേരിക്ക, കരീബിയ എന്നിവിടങ്ങളിലുള്ള നിക്കരാഗ്വ,​ ഗ്വാട്ടിമല, ഹെയ്തി, കൊളംബിയ ഹോണ്ടുറാസ്, എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.