വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് സംബന്ധിച്ച്‌ പ്രതിഷേധവുമായി നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്ക് ഫലം കണ്ടു. സുധ ചന്ദ്രനുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രോട്ടോക്കോള്‍ പ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ കൃതൃമക്കാല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെടുകയുള്ളൂവെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കി.

ഇത്തരം പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കണമെന്ന് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് കാറപകടത്തെ തുടര്‍ന്നാണ് സുധയ്ക്ക് കാല്‍ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാലോടെ സുധ നൃത്തത്തിലേക്കും അഭിനയ രംഗത്തേക്കും ശക്തമായി തിരിച്ചെത്തി.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്ബോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമായിരുന്നു സുധയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധക്ഷണിച്ചാണ് സുധ തന്റെ വീഡിയോ പങ്കുവച്ചത്.