ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ലഹരിപദാർഥങ്ങൾ എത്തിച്ചു നൽകിയെന്ന ആരോപണം നിഷേധിച്ച്‌ മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാനായി വിളിപ്പിച്ച നടി അനന്യ പാണ്ഡെ. എൻസിബി ചോദ്യം ചെയ്യലിൽ അനന്യ ഇക്കാര്യങ്ങൾ നിഷേധിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ആര്യൻ ഖാന് 2018-19 കാലഘട്ടത്തിൽ മയക്കുമരുന്ന് ഇടപാടുകാരുടെ നമ്പർ നൽകി അനന്യ സഹായിച്ചതായി ആര്യന്റെ മൊബൈലിൽ നിന്ന് വീണ്ടെടുത്ത ചാറ്റുകളിൽ നിന്ന് വെളിപ്പെട്ടതായി എൻസിബി വ്യക്തമാക്കിയിരുന്നു. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യൻ ചോദിക്കുമ്പോൾ, ശരിയാക്കാം എന്നാണ് അനന്യ പറയുന്നത്.

അനന്യ പാണ്ഡെയിൽ നിന്ന് കഞ്ചാവ് സംബന്ധിച്ച വാട്‌സ് ആപ്പ് ചാറ്റുകളെക്കുറിച്ചാണ് എൻസിബി ഉദ്യോഗസ്ഥർ ചോദിച്ചറിയാൻ ശ്രമിച്ചത്. എന്നാൽ മയക്കുമരുന്ന് വിതരണം സംബന്ധിച്ച ചാറ്റുകൾ അനന്യ നിഷേധിച്ചതായി എഎൻഐയുടെ റിപ്പോർട്ടിൽ പറയുന്നു. മയക്കുമരുന്ന് ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അനന്യ പറഞ്ഞതായും എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം നടി നിരോധിത ലഹരിപദാർഥങ്ങൾ ആര്യന് എത്തിച്ചു നൽകിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ അനന്യ പാണ്ഡെ കേസിലെ നിർണായക കണ്ണിയാണെന്നാണ് എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന ചോദ്യം ചെയ്യലിന് ശേഷം നടിയെ അറസ്റ്റ് ചെയ്യുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.