ഇടുക്കി: രാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ അതിവേഗം പുരോഗമിക്കുന്നതായും 26ന് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ എത്തുമെന്നും കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം(ഐഎംഡി). അഞ്ച് ദിവസത്തേയ്ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ മഴ ശക്തമാകും. ശനിയാഴ്ച രാത്രിയില്‍ ഒട്ടു മിക്ക ജില്ലകളിലും ലഭിക്കും. തമിഴ്‌നാട് തീരത്ത് രൂപംകൊണ്ട ചക്രവാതച്ചുഴി ഇനിയും പിന്‍വാങ്ങിയിട്ടില്ല. അതിനാല്‍ ഈ ദിവസങ്ങളില്‍ ശക്തമായ ഇടിയോട് കൂടിയ മഴ ആയിരിക്കും ലഭ്യമാവുക. ഞായറാഴ്ച പകല്‍ കൂടുതല്‍ കരുതല്‍ വേണ്ട ദിവസമാണ്. കൊല്ലം മുതല്‍ വയനാട് വരെ 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. 25 ന് കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. അതേസമയം, മത്സ്യത്തൊഴിലാളി മുന്നറിയിപ്പ് ഇല്ല.

സംസ്ഥാനത്തെമ്പാടും പരക്കെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ കണക്കുകൂട്ടല്‍. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നറിയപ്പെടുന്ന കാലവര്‍ഷത്തിന്റെ വിടവാങ്ങള്‍ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിലവില്‍ പുരോഗമിക്കുകയാണ്.

നാളെയോടെ ഗോവയടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കാലവര്‍ഷത്തിന്റെ വിടവാങ്ങള്‍ പൂര്‍ത്തിയാകും. ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കന്‍ മേഖലയില്‍ 8- 10 കിമീ വരെ ഉയരത്തിലുള്ള വടക്കുകിഴക്കന്‍ കാറ്റ് ശക്തി പ്രാപിച്ച്‌ വരികയാണ്. രാജ്യത്ത് നിന്ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ 26ന് പൂര്‍ണ്ണമായും വിടവാങ്ങുകയും അന്ന് തന്നെ ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്ക് കിഴക്കന്‍ മേഖലയില്‍ തുലാമഴയെത്തുകയും ചെയ്യും. ആദ്യം കാലവര്‍ഷം എത്തുന്നതും അവസാനം വിടവാങ്ങുന്നതും കേരളത്തിലാണ്. തുലാമഴ ആദ്യമെത്തുക തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളിലാണ്.

സാധാരണയായി ഒക്ടോബര്‍ പാതിയോടെ തുലാമഴ എത്താറുണ്ടെങ്കിലും 2018 മുതല്‍ മാസ അവസാനത്തേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28നാണ് തുലാമഴയെത്തിയത്. തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങളെ തുടര്‍ന്നാണ് തുലാമഴ വൈകുന്നത്. കാലവര്‍ഷത്തില്‍ 205 സെമീറ്ററും തുലാവര്‍ഷത്തില്‍ 50 സെമീറ്ററും മഴയാണ് സംസ്ഥാനത്ത് ശരാശരി ലഭിക്കുക. 2020ല്‍ തുലാമഴ 26 ശതമാനം കുറഞ്ഞിരുന്നു.

ഈ വര്‍ഷം കാലവര്‍ഷ(ജൂണ്‍-സെപ്തംബര്‍) ത്തില്‍ 16% മഴ കുറഞ്ഞപ്പോള്‍ ഒക്ടോബറില്‍ (ഔദ്യോഗികമായ കാലവര്‍ഷത്തിന്റെ കണക്കില്‍) ഇതുവരെ 128% മഴ കൂടി. ഈ സീസണില്‍ ലഭിക്കേണ്ട ആകെ മഴ(49 സെമീ) 21 ദിവസം കൊണ്ട് കാലവര്‍ഷ മഴയില്‍ മാത്രം പിന്നിട്ട് കഴിഞ്ഞു. തുലാമഴ രാജ്യത്ത് ശരാശരി ലഭിക്കുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കേരളം അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയങ്ങളാണ് ഇനി വരാനിരിക്കുന്നത്.