റിലീസ് ചെയ്ത് പത്തു വര്‍ഷം കഴിഞ്ഞിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ട് വിവാദത്തില്‍പ്പെട്ട ‘ഡാം 999’ എന്ന സിനിമയ്ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ് തമിഴ്നാട്. പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ്, സിനിമ ഇറങ്ങിയത് മുതല്‍, തമിഴ്നാട്ടില്‍ ഈ ചിത്രം നിരോധിച്ചിരിക്കുകയാണ്. സുപ്രീം കോടതി വരെ പ്രദര്‍ശനാനുമതി നല്‍കിയിട്ടും ഇതുവരെ ഈ ചിത്രം അവിടെ പ്രദര്‍ശിപ്പിച്ചിട്ടില്ല.

2021 സെപ്റ്റംബര്‍ മാസം വരെയായിരുന്ന നിരോധനമാണ് ഇപ്പോള്‍ വീണ്ടും തമിഴ്നാട് ഗവണ്‍മെന്റ് ഉത്തരവ് പുതുക്കി പുറപ്പെടുവിച്ചിരിക്കുന്നത് എന്ന് അണിയറക്കാര്‍ പറയുന്നു. കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നിരോധനം കൃത്യമായി പുതുക്കിക്കോണ്ടിരിക്കുന്ന ഈ നടപടി ദുഃഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഡോ. സോഹന്‍ റോയ് പറഞ്ഞു.

“2011ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്നാട് നിരോധനം തുടരുന്നത്. വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്ബോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് ആരോപണം. ഇന്ത്യന്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘര്‍ഷങ്ങള്‍ അന്ന് ഉണ്ടായി.

തുടര്‍ന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടുവന്ന തിയേറ്ററുകള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച്‌ സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്നങ്ങളും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. ഇപ്പോള്‍ സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും പ്രദര്‍ശനത്തിന് നിരോധനം തുടരുന്നത് ദുഃഖകരമാണ് ” സോഹന്‍ റോയ് പറഞ്ഞു.

ഒട്ടനവധി അന്തര്‍ദേശീയ ബഹുമതികള്‍ നേടിയ ചിത്രമാണ് ഡാം 999. ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എന്‍ട്രികള്‍ നേടിയത് കൂടാതെ, തൊട്ടടുത്ത വര്‍ഷത്തെ ഗോള്‍ഡന്‍ റൂസ്റ്റര്‍ അവാര്‍ഡിലേക്ക് പന്ത്രണ്ട് ക്യാറ്റഗറികളില്‍ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്കാര്‍ എന്നറിയപ്പെടുന്ന ഈ അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ഇത് .

പത്താം വാര്‍ഷികാഘോഷത്തിന്റെ ഈ വേളയില്‍ വാരാന്ത്യങ്ങളിലെ വെബിനാറുകളിലൂടെ ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിലെ അവിസ്മരണീയാനുഭവങ്ങള്‍ പുതുക്കുന്ന ജോലിയിലാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍.