ചെന്നൈ: തമിഴ് നടന്‍ വിവേകിന്റെ മരണകാരണം കോവിഡ് വാക്‌സിനല്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വ്യക്തമാക്കി. ഇതോടെ വിവേകിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്ക് വിരാമമായി. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് അദേഹത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനു പിന്നാലെ അദേഹത്തിന്റെ മരണകാരണം വാക്‌സിനെടുത്തതാണെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചു.

എന്നാല്‍, അദേഹത്തിന്റെ മരണ കാരണം ഹൃദയാഘാതമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്യൂണൈസേഷന്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. അതിന് വാക്‌സിനുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. വാക്‌സിനുകള്‍ സുരക്ഷിതമാണെന്നും, വാക്‌സിനെടുക്കുന്നതില്‍ ആശങ്ക വേണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഹര്‍ജി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വാക്‌സിനെടുത്തതുകൊണ്ടാണ് അദേഹത്തിന് മരണം സംഭവിച്ചതെന്ന് ചിലര്‍ പ്രചരണം നടത്തുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിവേക് മരണപെടുന്നത്.