തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സമരം ചെയ്യുന്ന സിഎസ്‌ബി ബാങ്കിന് പിന്തുണ പ്രഖ്യാപിച്ച്‌ സംസ്ഥാനത്തെ ബാങ്കുകള്‍ ഇന്ന് പണിമുടക്കുന്നു. ഗ്രാമീണ ബാങ്ക്, സഹകരണ ബാങ്കുകള്‍ എന്നിവയിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കാളികളാകുന്നതോടെ സംസ്ഥാനത്ത് ബാങ്കിംഗ് മേഖലയില്‍ പൂര്‍ണമായി സ്‌തംഭനമുണ്ടാകുമെന്നാണ് സൂചന.

കനേഡിയന്‍ കമ്ബനി ഫെയര്‍ഫാക്‌സ് ഏറ്റെടുത്തതുമുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ച സിഎസ്‌ബി ബാങ്കില്‍ സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കണമെന്നും കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ഇനിയുള‌ള താല്‍ക്കാലിക നിയമനം നിര്‍ത്തണമെന്നും റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതനം ബാങ്കില്‍ ഏര്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ട് സമരം നടക്കുകയാണ്.

ബാങ്ക് ഏറ്റെടുത്ത കമ്ബനിയുടെ ഉപ സ്ഥാപനങ്ങള്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ച്‌ വായ്‌പ നല്‍കുന്നു. ചെറുകിട വായ്‌പകള്‍ നല്‍കുന്നില്ല. തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ ഏര്‍പ്പെടുത്തുകയും പെന്‍ഷന്‍ നിഷേധിക്കുകയും ചെയ്യുന്നു. അതിനായി കള‌ളക്കേസ് കൊടുക്കുന്നതായും ബാങ്ക് ജീവനക്കാര്‍ ആരോപിക്കുന്നു.

മാസങ്ങള്‍ നീണ്ട പ്രതിഷേധ പരിപാടിക്കൊടുവില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സിഎസ്‌ബി ബാങ്കില്‍ പണിമുടക്ക് നടക്കുകയാണ്. ഇതിന് പിന്തുണയുമായാണ് സംയുക്ത സമര സമിതി നേതൃത്വത്തില്‍ ഇന്ന് സമരം പ്രഖ്യാപിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള‌ള ചര്‍ച്ചകള്‍ക്ക് സിഎസ്‌ബി മാനേജ്‌മെന്റ് തയ്യാറായില്ല. ഇതോടെ ഇന്നുമുതല്‍ മൂന്ന് ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്.