സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ഓറഞ്ച് അലേര്‍ട്ട് മാറിയെങ്കിലും ജാഗ്രത തുടരാനാണ് നിര്‍ദേശം.

കനത്ത മഴ മുന്നറിയിപ്പില്‍ ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.31 അടിയായ സാഹചര്യത്തിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഡാമില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 135.30 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ആദ്യ ജാഗ്രതാ നിര്‍ദേശം നല്‍കും.