വടക്കന്‍ ഇസ്രായേലില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് ഷ്‌ലോമി കാറ്റ്‌സിന്‍ എന്ന സ്‌കൂബ ഡൈവറിന് ഈ വാള്‍ കണ്ടുകിട്ടിയതെന്ന് ഇസ്രായേല്‍ പുരാവസ്തു വകുപ്പ് അറിയിച്ചു. നങ്കൂരങ്ങള്‍, മണ്‍പാത്രങ്ങള്‍, ഒരു മീറ്റര്‍ നീളമുള്ള വാള്‍ എന്നിവയാണ് ഇവിടെ നിന്നും ലഭിച്ചത്.

തീരത്തുനിന്നും 150 മീറ്റര്‍ അകലെ, അഞ്ച് മീറ്റര്‍ ആഴത്തില്‍ സ്‌കൂബ ഡൈവിംഗ് നടത്തുന്നതിനിടെയാണ് ഇയാള്‍ക്ക് ഈ വാള്‍ കണ്ടുകിട്ടിയത് എന്നും ഇസ്രായേലി പുരാവസ്തു വകുപ്പ് പറഞ്ഞു.

പഴയ കാലത്ത് കപ്പലുകള്‍ അടുപ്പിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നിരവധി പുരാവസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. നാലായിരം വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കള്‍ ഇവിടെയുണ്ട് എന്നാണ് കണക്കാക്കുന്നത്. മണല്‍ മാറിക്കൊണ്ടിരിക്കുന്നതിനിടയില്‍ പല പുരാവസ്തുക്കളും ഇവിടെനിന്നും കാണാതാവാറുണ്ടെന്ന് പുരാവസ്തു വിദഗ്ധര്‍ പറയുന്നു.

കടല്‍ ചെടികള്‍ക്കിടയില്‍നിന്നാണ് ഈ വാള്‍ കണ്ടെത്തിയത്. ഇത് ഇരുമ്ബു കൊണ്ടുള്ളതാണെന്ന് പുരാവസ്തു വകുപ്പ് ഇസ്‌പെക്ടര്‍ നിര്‍ ഡിസ്റ്റല്‍ഫെല്‍ഡ് പറഞ്ഞു. തൊള്ളായിരം വര്‍ഷം പഴക്കമുള്ളതാണ് ഈ വാള്‍ എന്നാണ് അനുമാനിക്കുന്നത്.

വാള്‍ വൃത്തിയാക്കിയ ശേഷം കൂടുതല്‍ പരിശോധനകള്‍ നടത്തും. വാള്‍ കണ്ടെടുത്ത സ്‌കൂബ ഡൈവറിന് അഭിനന്ദന സാക്ഷ്യപത്രം നല്‍കിയതായി പുരാവസ്തു അതോറിറ്റി അധികൃതര്‍ അറിയിച്ചു.