നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന പ്രശസ്ത കൊറിയൻ വെബ് സീരീസിലെ ഗെയിം അനുകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ. സ്ക്വിഡ് ഗെയിമിലെ ഡൽഗോണ ക്യാൻഡി ചലഞ്ചിലാണ് ഇന്ത്യൻ താരങ്ങൾ പങ്കെടുത്തത്. രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, വരുൺ ആരോൺ, ഭുവനേശ്വർ കുമാർ, ഹർദ്ദിക് പാണ്ഡ്യ, ലോകേഷ് രാഹുൽ എന്നിവർ പരസ്പരം മത്സരിച്ചപ്പോൾ ഷമിക്കും രോഹിതിനും മാത്രമേ വിജയിക്കാനായുള്ളൂ. ഐസിസി തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ വിഡിയോ പങ്കുവച്ചു.

നെറ്റ്‌ഫ്ലിക്സിലൂടെയെത്തി ലോകമെമ്പാടും ഹിറ്റായ വെബ് സീരീസാണ് സ്ക്വിഡ് ഗെയിം. നെറ്റ്ഫ്ലിക്സിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സ്ട്രീം ചെയ്യപ്പെട്ട വെബ് സീരീസ് എന്ന റെക്കോർഡും സ്ക്വിഡ് ഗെയിം സ്വന്തമാക്കിയിരുന്നു. വിവിധ ഗെയിമുകളിൽ ആളുകൾ പരസ്പരം മത്സരിക്കുകയും അവസാന മത്സരത്തിൽ വിജയിക്കുന്നയാൾ ചാമ്പ്യനാവുകയും ചെയ്യുന്ന കഥയാണ് സ്ക്വിഡ് ഗെയിം. മത്സരങ്ങളിൽ പരാജയപ്പെടുന്നവരെ സംഘാടകർ വെടിവച്ച് കൊല്ലും എന്നതാണ് സ്ക്വിഡ് ഗെയിമിലെ പ്രധാന പോയിൻ്റ്.

അതേസമയം, ടി-20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹമത്സരത്തിലും ഇന്ത്യ ജയം കുറിച്ചു. 13 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകർത്തത്. രോഹിത് ശർമ അർധസെഞ്ച്വറി നേടി. ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടും.

153 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് കെ എൽ രാഹുലും രോഹിത് ശർമയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. മികച്ച പ്രകടനത്തോടെയാണ് രോഹിത് ശർമ കരുത്തുറ്റ ഓസ്‌ട്രേലിയൻ ബൗളർമാരെ നേരിട്ടത്. രോഹിത് ശർമയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച കെ എൽ രാഹുൽ 39 റൺസ് നേടി. സൂര്യകുമാർ യാദവിന്റെയും ഹാർദിക് പാണ്ഡ്യയുടെയും പ്രകടനവും ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. സൂര്യകുമാർ യാദവ് 38 റൺസും നേടി.

നിശ്ചിത ഓവറിൽ ഓസ്‌ട്രേലിയ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് എടുത്തത്. അശ്വിൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ ജഡേജയും രാഹുൽ ചഹാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറിനും ഒരു വിക്കറ്റുണ്ട്.