കാബൂള്‍ : അഫ്ഗാന്‍ ദേശീയ ജൂനിയര്‍ വനിതാ വോളിബോള്‍ ടീം അംഗം മെഹ്ജബിന്‍ ഹക്കിമിയെ താലിബാന്‍ കഴുത്തറുത്തു കൊന്നു. യുവതിയെ ഈ മാസമാദ്യം കൊലപ്പെടുത്തിയ വിവരം പരിശീലക തന്നെയാണു വെളിപ്പെടുത്തിയത്. ഈ വിവരം പുറത്തറിയിക്കരുതെന്ന് താരത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏതാനും ദിവസം മുന്‍പ് മെഹ്ജബിന്റെ ഛേദിച്ച ശിരസ്സിന്റെയും ചോര കട്ടപിടിച്ച കഴുത്തിന്റെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വോളിബോള്‍ ടീം അംഗങ്ങളില്‍ 2 പേര്‍ക്കു മാത്രമേ താലിബാന്‍ അധികാരത്തിലെത്തുന്നതിനു മുന്‍പ് രാജ്യം വിടാന്‍ കഴിഞ്ഞിരുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും പരിശീലക പറഞ്ഞു. താരങ്ങള്‍ ആഭ്യന്തര – വിദേശ ടൂര്‍ണമെന്റുകളില്‍ മത്സരിച്ചതും ടിവി പരിപാടികളില്‍ പങ്കെടുത്തതുമാണു താലിബാനെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു.

അഷ്റഫ് ഗനി സര്‍ക്കാരിന്റെ കാലത്ത് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ മികച്ച താരമായിരുന്നു മെഹ്ജബിന്‍. 1978ലാണ് അഫ്ഗാന്‍ ദേശീയ വനിതാ വോളിബോള്‍ ടീം രൂപീകരിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ രണ്ടാമതും അധികാരം പിടിച്ചതോടെ സ്പോര്‍ട്സും രാഷ്ട്രീയവും ഉള്‍പ്പെടെ മിക്ക മേഖലകളിലും വനിതകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.