മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പ്രത്യേക എന്‍ഡിപിഎസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന. ജസ്റ്റിസ് നിതിന്‍ സാമ്ബര്‍ അപേക്ഷ പരിഗണിക്കും.

ആര്യനോടൊപ്പം അറസ്റ്റിലായ മുന്‍മുന്‍ ധമേച്ചയും ജാമ്യാപേക്ഷ സമര്‍പ്പിച്ച്‌ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആര്യനെ കൂടാതെ മുന്‍മുന്‍ ധമേച്ചയുടെയും അര്‍ബാസ് മെര്‍ച്ചന്റിന്റേയും ജാമ്യാപേക്ഷ എന്‍ഡിപിഎസ് കോടതി ഇന്നലെ തള്ളിയിരുന്നു. ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.

ആര്യന് ജാമ്യം നല്‍കുന്നത് വഴി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും തെളിവുകള്‍ നശിപ്പിച്ചേക്കാമെന്നും ഹര്‍ജി എതിര്‍ത്ത എന്‍സിബി കോടതിയില്‍ വാദിച്ചു. പുതുമുഖ യുവനടിയുമായി ആര്യന്‍ ലഹരി ഇടപാടുകള്‍ നടത്തിയതായി സൂചിപ്പിക്കുന്ന ചാറ്റുകളും എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതോടെ നാലാം തവണയാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.